കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ശിക്ഷ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
ഇയാളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജീവപര്യന്തത്തിനു പുറമേ 24 വർഷം തടവായിരുന്നു ശിക്ഷ.
ഇയാൾക്ക് വധശിക്ഷ നൽകണമെന്ന സർക്കാർ ആവശ്യവും ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നായിരുന്നു മുഹമ്മദ് നിഷാമിന്റെ ആവശ്യം.
2015 ജനുവരി 29 ന് പുലർച്ചെയായിരുന്നു നിഷാം സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ കാർ ഇടിപ്പിച്ച് വീഴ്ത്തിയത്.
തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ, നിഷാം ആക്രമിച്ചത്.
ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു.
സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും മുഹമ്മദ് നിസാം അടിച്ചു തകർത്തു. ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു.
ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു.