രണ്ട് ചരിത്രവിധികളുടെ ഭാഗമായി രാജ്യം ഓര്‍ത്തിരിക്കുന്നത് ഇനി ഒരച്ഛനെയും മകനെയുമായിരിക്കും. അച്ഛന്‍ എഴുതിയ വിധി തിരുത്തുകയാണ് മകന്‍ ചെയ്തത്.
വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് വിധിച്ചതോടെ ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡാണ് നിയമത്തിന്റെ ചരിത്രപുസ്തകത്തില്‍ അച്ഛനോടൊപ്പം തന്റെ പേരും ചേര്‍ത്തത്.
1985 ല്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന വിധിയെഴുതിയ ബെഞ്ചില്‍ വൈ.വി.ചന്ദ്രചൂഡ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകനായ ഡി.വൈ.ചന്ദ്രചൂഡാണ് 33 വര്‍ഷത്തിന് ശേഷം ഇന്ന് അതിനെതിരെ വിധിയെഴുതിയത്.
ഇത് രണ്ടാം തവണയാണ് അച്ഛന്റെ വിധി തിരുത്തി മകന്‍ വിധി പറയുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന വിധിയെഴുതിയപ്പോഴാണ് അച്ഛന്റെ വിധി തിരുത്തിയ മകനെന്ന വിശേഷണം നേരത്തേ ഡി.വൈ.ചന്ദ്രചൂഡ് നേടിയത്. 1985 ല്‍ മുന്നിലെത്തിയ കേസിനെ ആസ്പദമാക്കിയായിരുന്നു അന്നത്തെ വിധി.
ഭര്‍ത്താവിന്റെ സമ്മതത്തോടെയല്ലാതെ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭാര്യയ്‌ക്കെതിരെയാണ് യുവാവ് കോടതിയെ സമീപിച്ചത്. ആ ഹര്‍ജിയിലായിരുന്നു അച്ഛന്‍ ചന്ദ്രചൂഢിന്റെ നിര്‍ണായക വിധി. അന്ന് ആ വിധിയ്ക്കെതിരെ യുവതി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടക്കമുള്ള അഞ്ചംഗ ബെഞ്ചാണ് വിവാഹേതരബന്ധം ക്രിമിനല്‍കുറ്റമാക്കുന്ന നൂറ്റിയമ്പത്തിയെട്ടു വര്‍ഷം പഴക്കമുള്ള ഐ പി സി 497-ാം വകുപ്പ് റദ്ദാക്കി പുതിയ വിധി പ്രഖ്യാപിച്ചത്.