ഗുരുപൂർണിമയുടെ ബാനറിൽ എൻ സുചിത്ര നിർമിച്ച് മോഹൻ കുപ്ലേരി സംവിധാനം ചെയ്യുന്ന ചന്ദ്രഗിരി എന്ന സിനിമ ഇന്നലെ കാഞ്ഞങ്ങാട് ഏച്ചിക്കാനം തറവാട്ടിൽ ആരംഭിച്ചു. കാസർഗോഡിന്റെ വിവിധ ഭാഗങ്ങളിലും മംഗലാപുരത്തുമായി പൂർത്തിയാക്കുന്ന ചിത്രത്തിൽ ലാൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹരീഷ് പേരടി, ഇന്ദ്രൻസ്, സായ്കുമാർ, കൊച്ചുപ്രേമൻ, ജയചന്ദ്രൻ, സുനിൽ സുഗത, സജിതാ മഠത്തിൽ, സി. കെ. ബാബു, അഞ്ജലി ഉപാസന, സേതുലക്ഷ്മി, മഹിത തുടങ്ങി മലയാള സിനിമയിലെ എഴുപത്തിയെട്ടോളം അഭിനേതാക്കളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കാസർഗോഡിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു പ്രമേയവുമായി ഒരുങ്ങുന്ന ചന്ദ്രഗിരിയിൽ പ്രകൃതിയും സംസ്കാരവും കലാരൂപങ്ങളും കഥയുടെ പശ്ചാത്തലമാകുന്നു. കാസർഗോഡിന്റെ ഭാഷാവൈവിധ്യം, ഗ്രാമ്യജീവിത ചിത്രങ്ങൾ, മലയാളം, തുളു, കന്നട എന്നീ ഭാഷകൾ സംസാരിക്കുന്ന തനതു കഥാപാത്രങ്ങൾ മറ്റു പ്രത്യേകതകളാണ്.
ഒരു കാസർഗോഡൻ ഗ്രാമത്തിൽ നടക്കുന്ന ഏറെ നിർണായകമായ ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാള സിനിമയിൽ ഇതുവരെ ആവിഷ്കരിച്ചിട്ടില്ലാത്ത, നമുക്കിതുവരെ അപരിചിതമായിരുന്ന പുതിയൊരു കാസർഗോഡൻ ചരിത്രം സമകാലിക സാമൂഹിക പ്രശ്നങ്ങളുടെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുക കൂടിയാണീ ചിത്രം.
രചന: വിനോദ് കുട്ടമത്ത്, ഛായാഗ്രഹണം: ഷാജി കുമാർ (പുലിമുരുകൻ ഫെയിം), ഗാനങ്ങൾ: മനോജ് കോയിപ്ര, ഡോ. പ്രശാന്ത് കൃഷ്ണൻ, സംഗീതം: ശ്രീവത്സൻ. ജെ. മോനോൻ, ചമയം: പട്ടണം ഷാ, വസ്ത്രലങ്കാരം: സുകേഷ് താനൂർ, സ്റ്റിൽസ്: സലീഷ് പെരിങ്ങാട്ടുകര, പ്രൊഡക്ഷൻ കണ്ട്രോളർ: ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജു മടിവയൽ, കമൽ പയ്യന്നൂർ.
– ബിജു പുത്തൂർ