മുംബൈ: പ്രളയദുരിതത്തെപ്പറ്റി പരാതി പറയരുതെന്നും എന്തെങ്കിലും വേണമെങ്കിൽ അപേക്ഷിക്കുകയാണുവേണ്ടതെന്നും മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷനും സംസ്ഥാന മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ. സങ്കടംപറഞ്ഞ നാട്ടുകാരെ ചന്ദ്രകാന്ത് പാട്ടീൽ ശകാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മന്ത്രി ഞായറാഴ്ചയാണ് കോലാപ്പുരിലെ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചത്. കോലാപ്പുരിന്റെയും പുണെയുടെയും ചുമതലയുള്ള മന്ത്രിയാണ് ചന്ദ്രകാന്ത്. ഈ സമയത്താണ് നാട്ടുകാർ പരാതി പറഞ്ഞത്. സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ഗതാഗതസൗകര്യങ്ങൾ ശരിയായാൽ ദുരിതാശ്വാസ സാമഗ്രികളെല്ലാം എത്തുമെന്നും ആദ്യം ശാന്തസ്വരത്തിൽ പറഞ്ഞ മന്ത്രിക്ക് നാട്ടുകാർ പിന്നെയും പരാതി പറഞ്ഞപ്പോൾ നിയന്ത്രണം വിടുകയായിരുന്നു.
“നിങ്ങൾക്കു സഹായമെത്തിക്കാൻ ഉൗണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുകയാണ് അധികൃതർ. എന്നിട്ടും നിങ്ങൾ അവർക്കെതിരേ പരാതി പറയുകയാണോ? ക്ഷമ കാണിക്കണം. എന്തെങ്കിലും വേണമെങ്കിൽ അതിന് അപേക്ഷിക്കണം. പരാതിപ്പെടുകയല്ല വേണ്ടത്’-മന്ത്രി പറഞ്ഞു. പിന്നെയും ശബ്ദമുയർത്തിയ നാട്ടുകാരെ “വായടയ്ക്ക്’എന്നുപറഞ്ഞ് മന്ത്രി ശാസിക്കുന്നതും വീഡിയോയിലുണ്ട്.