കല്ലടിക്കോട്: പ്രളയദുരിത ബാധിതരെ സഹായിക്കാനുള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കിതാ പെൻഷൻ തുകയിൽനിന്നും പ്രതിമാസ വിഹിതം സംഭാവന നല്കി ഒരാൾ. പുലാപ്പറ്റയിലെ മുൻ ട്രഷറി ഉദ്യോഗസ്ഥൻ ചന്ദ്രകുമാറാണ് സർക്കാരിന്റെ സഹായനിധിയിലേക്ക് ആകെയുണ്ടായിരുന്ന പെൻഷനിൽ നിന്നും നിശ്ചിത തുക ആജീവനാന്തം സംഭാവന ചെയ്യാൻ സന്നദ്ധമാണെന്ന് അറിയിച്ചിരിക്കുന്നത്.
പുലാപ്പറ്റ കോണിക്കഴി വൈശാഖിലാണ് ഇദ്ദേഹവും ഭാര്യശോഭനയും മക്കളും താമസിക്കുന്നത്. കേരളത്തിന് വേണ്ടി പലവഴിക്കും സഹായം എത്തുന്നുണ്ട്. സഹായിക്കാൻ പണമായി മറ്റുമാർഗമില്ലാത്തതുകൊണ്ടാണ് പ്രതിമാസ പെൻഷനിൽനിന്നും ആയിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതെന്ന് ഇദ്ദേഹം പറയു ന്നു.
ഇത് എന്റെ മരണംവരെയോ അഥവാ സർക്കാരിന് ആവശ്യമില്ലെന്നു പറയുന്നതുവരെയോ തുടരും. ഇതിനായി പെൻഷൻ നൽകുന്ന അവസരത്തിൽ തന്നെ ട്രഷറി ഓഫീസർ പിടിച്ച് ഫണ്ടിൽ അടയ്ക്കുന്നതിന് സംവിധാനം ഏർപ്പെടുത്തി കിട്ടണം. ചന്ദ്രകുമാരൻമാഷ് അധികാരികൾക്ക് നല്കിയ അപേക്ഷയിലെ വാക്കുകളാണിത്.
32 വർഷം സർക്കാർ സർവീസിൽ ജോലിചെയ്ത് വിരമിച്ച ടി.ചന്ദ്രകുമാരൻ സാന്പത്തികശേഷിയുള്ളതുകൊണ്ടല്ല ഇതു ചെയ്യുന്നത്. തന്നേക്കാൾ ദുരിതം അനുഭവിക്കുന്നവരും സമൂഹത്തിൽ ഉണ്ടെന്നു ബോധ്യമായതിനാലാണ് ഇത്തരത്തിൽ ഒരുതിരുമാനം എടുത്തത്. പെൻഷൻ തുകയിൽ നിന്നും സംഭാവന വസൂൽ ചെയ്ത് ബാക്കി നല്കുന്ന രീതി നിലവിലില്ല.
എന്നാൽ ഈ സൗകര്യം നടപ്പിലായാൽ ആവശ്യമുള്ളവർക്ക് പ്രയോജനകരമാവില്ലെയെന്നാണു ചന്ദ്രകുമാരൻ ചോദിക്കുന്നത്. ട്രഷറി ഡയറക്ടർക്ക് അപേക്ഷയും നല്കികഴിഞ്ഞു.സാമൂഹ്യ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചന്ദ്രകുമാരൻ തെക്കീത്തിൽ കുടുംബ ട്രസ്റ്റ് സെക്രട്ടറിയും നല്ലൊരു സർവീസ് കണ്സൾട്ടന്റും കൂടിയാണ്.