ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ചന്ദ്ര ലക്ഷ്മൺ.
താരമായി തിളങ്ങി നില്‍ക്കുമ്പോഴും, ഒരിക്കൽ സീരിയൽ ഉപേക്ഷിക്കാൻ വരെ താൻ ആലോചിച്ചെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
തന്റെ ആദ്യ സീരിയലായ സ്വന്തത്തിലെ സാന്ദ്ര എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ പേരിൽ ജനങ്ങളിൽ നിന്ന് വിദ്വേഷകരമായ അഭിപ്രായങ്ങൾ ലഭിച്ചിരുന്നുവെന്ന് ചന്ദ്ര പറയുന്നു.
അത് വെറുമൊരു കഥാപാത്രമല്ല, തന്റെ ഭാഗമായിരുന്നു. ആദ്യ സീരിയല്‍ ആയതിനാൽ, റീലും റിയലും തമ്മിലുള്ള വ്യത്യാസം തനിക്കറിയില്ലായിരുന്നുവെന്നും നടി പറഞ്ഞു.
ആ സമയം യഥാര്‍ഥ ജീവിതത്തിലും താന്‍ സാന്ദ്രയായിരുന്നെന്ന് കരുതിയെന്നും മോശം അഭിപ്രായങ്ങൾ കേട്ട് തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്നും ചന്ദ്ര ലക്ഷ്മൺ കൂട്ടിച്ചേർത്തു.
“ഒരിക്കല്‍, ഞാന്‍ ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോൾ ഒരു പ്രായമുളള സ്ത്രീ, നിങ്ങളുടെ സഹോദരനെ ഇതുപോലെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് കുടകൊണ്ട് എന്നെ അടിച്ചു.
ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. അന്ന് സീരിയല്‍ ഉപേക്ഷിക്കാനുള്ള ചിന്തകള്‍ വരെ എനിക്കുണ്ടായി.
എന്നാല്‍ പിന്നീട് എന്റെ അടുപ്പക്കാർ എന്നോട് പറഞ്ഞു, ഇത് നിന്റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്. അപ്പോഴാണ് സ്ക്രീനിലും ഓഫ് സ്ക്രീനും തമ്മിലുള്ള വ്യത്യാസം മനസിലായത്..’- ചന്ദ്ര പറയുന്നു.