നിലന്പൂർ: നിലന്പൂർ ടൗണിനോടു ചേർന്ന വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട ദണ്ഡപാണി (70) എന്നയാളുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു.
സംഭവത്തിൽ നിലന്പൂർ കല്ലേന്പാടം ചെറുവത്ത്കുന്ന് വീട്ടിൽ ചന്ദ്രനെ (51) നിലന്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ടൗണിൽ കെ.എൻ.ജി. പാതയോരത്തിനു ചേർന്ന ഓടിട്ട വീട്ടിൽ തനിച്ചു താമസിച്ചിരുന്ന ദണ്ഡപാണിയുടെ മൃതദേഹം അഴുകിയ നിലയിൽ വീടിനകത്ത് കാണപ്പെട്ടത് കഴിഞ്ഞ 13 നാണ്. വീട് സ്ഥിരമായി പൂട്ടി കിടക്കുന്നതിനാൽ അയൽവാസികളാരും ശ്രദ്ധിക്കാറില്ല.
ഇയാളുടെ ഭാര്യ മരിച്ചിട്ട് രണ്ടു വർഷമായി. രണ്ടു മക്കളിൽ ഒരാൾ കോഴിക്കോടും മറ്റൊരാൾ കുടുംബസമേതം നിലന്പൂരിലെ ഫ്ളാറ്റിലുമാണ് താമസം.
കുറച്ചു ദിവസമായി അച്ഛനെ കാണാത്തതിനാൽ മകൻ ബാബു വീടിനടുത്ത് വന്നു നോക്കിയെങ്കിലും വീടു പൂട്ടികിടക്കുന്നതിനാൽ ക്ഷേത്ര ദർശനത്തിനു പോയിക്കാണുമെന്നാണ് വിചാരിച്ചത്.
ദണ്ഡപാണിക്ക് ആയുർവേദ പച്ചമരുന്ന് കച്ചവടവുമുണ്ടായിരുന്നു. തുടർന്നു മകൻ ബാബുവാണ് മൃതദേഹം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ട വിവരം പോലീസിൽ അറിയിക്കുന്നത്.
നിലന്പൂർ ഡിവൈഎസ്പി, സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹം കിടന്നിരുന്ന കട്ടിലിൽ പാതി മുറിഞ്ഞ സിമന്റ് കട്ടയും അതിൽ രക്തം പുരണ്ടതായും കണ്ടെത്തിയിരുന്നു.
കൂടുതൽ പരിശോധന നടത്തിയപ്പോൾ മുറിയിൽ നിന്നു പോസ്റ്റ്കാർഡിൽ ഒരു കുറിപ്പും കണ്ടിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടം പരിശോധനയിലും കൊലപാതകത്തിന്റെ സാധ്യതയിലേക്കു സൂചന ലഭിച്ചതോടെ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തിയത്.
ഒരു വർഷത്തോളമായി ദണ്ഡപാണിയുമായി പരിചയപ്പെട്ട ചന്ദ്രൻ ഇടക്ക് രാത്രിയിൽ തങ്ങാൻ ദണ്ഡപാണിയുടെ വീട്ടിൽ എത്താറുണ്ട്. താമസിക്കുന്ന ദിവസങ്ങളിൽ ചന്ദ്രൻ ദണ്ഡപാണിക്ക് ഭക്ഷണം വച്ചു നൽകാറുമുണ്ട്.
ജനുവരി 28-ന് പകൽ സമയത്ത് ചന്ദ്രനോട് ദണ്ഡപാണി രണ്ടു ദിവസം മണ്ണാർക്കാട്ടേക്ക് പോവുകയാണെന്നും വീട്ടിൽ നിന്നിറങ്ങി പോകാൻ പറയുകയും തുടർന്നു ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തതായി പ്രതി മൊഴി നൽകയിട്ടുണ്ട്.
അപ്പോൾ പോയ ചന്ദ്രൻ രാത്രിയിൽ തിരിച്ചെത്തി ഉറങ്ങുകയായിരുന്ന ദണ്ഡപാണിയെ പാതി മുറിഞ്ഞ സിമന്റ് കട്ടകൊണ്ടു തലക്ക് ശക്തിയായി ഇടിച്ചു.
ദണ്ഡപാണി മരണപ്പെട്ടുവെന്നു ധരിച്ച് അവിടെ ഉണ്ടായിരുന്നു വെള്ളി ആഭരണം കൈവശപ്പെടുത്തുകയും താക്കോൽ ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് മുറിയിൽ നിന്നു പണവും ദണ്ഡപാണി ഉപയോഗിച്ച തോൾ സഞ്ചിയുമെടുത്ത് പ്രതി സ്ഥലം വിടുകയായിരുന്നു. ഒരാഴ്ചയോളം ഗൂഢല്ലൂരിലെ ബന്ധുവീട്ടിലും ലോഡ്ജിലും താമസിച്ച് നിലന്പൂരിൽ മടങ്ങിയെത്തി.ഇതിനിടെ കഴിഞ്ഞ ദിവസം നിലന്പൂർ ടൗണിൽ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.