കിഴക്കമ്പലം: അകാരണമായി ബാങ്ക് പിരിച്ചു വിട്ട ജീവനക്കാരനെ തേടി 21 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതിയെത്തി. കിഴക്കമ്പലം സഹകരണ ബാങ്കിലെ സെയിൽസ്മാനായിരുന്ന കരിമുകൾ കാണിനാട് മുല്ലയ്ക്കൽ എം.എൻ ചന്ദ്രനാണ് നഷ്ടപരിഹാരത്തുകയടക്കം തിരിച്ചു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
1978 കാല ഘട്ടത്തിലാണ് ചന്ദ്രൻ കിഴക്കമ്പലം സഹകരണ ബാങ്കിൽ സെയിൽസ്മാൻ തസ്തികയിൽ നിയമിതനാകുന്നത്. തുടർന്ന് ഇരുപതു വർഷത്തെ സേവനത്തിനൊടുവിൽ ബാങ്കിൽ നടന്ന അനധികൃത നിയമനങ്ങൾക്കും അഴിമതി നിറഞ്ഞ പ്രവർത്തനങ്ങൾക്കുമെതിരേ സഹകരണ മന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഇതിൽ പ്രകോപിതരായ ബാങ്ക് ഭരണ സമിതി 1998 ൽ ചന്ദ്രനെ യാതൊരു വിധ മുന്നറിയിപ്പുകളും നൽകാതെ 6 മാസത്തേക്ക് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. നടപടിയിൽ ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ബാങ്കിന്റെ ഭാഗത്തെ വീഴ്ച്ച കണ്ടെത്തിയതിനെത്തുടർന്ന് ഒരു മാസത്തിനു ശേഷം രജിസ്ട്രാറുടെ ഉത്തരവു പ്രകാരം സർവീസിൽ തിരിച്ചെടുത്തു.
തുടർന്ന് നിരന്തരം പിരിച്ചു വിടൽ ഭീഷണികൾ നടത്തിക്കൊണ്ടിരുന്ന ബാങ്ക് അതേ വർഷം കേവലം ബാങ്ക് നോട്ടീസ് ബോർഡിൽ ചന്ദ്രനെതിരേ അന്വേഷണം പ്രഖ്യാപിച്ച് പരിച്ചുവിടുകയായിരുന്നു. ഇതിനെതിരേ ബാങ്കിലും സഹകരണ ജോയിന്റ് രജിസ്ട്രാർ ക്കും നൽകിയ അപ്പീലുകൾ തള്ളിയതിനെ തുടർന്ന് ചന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിർദേശ പ്രകാരം രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരന് സ്വാഭാവിക നീതി നിഷേധിച്ച ബാങ്കിന്റെ നടപടി ഏകപക്ഷീയമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പിരിച്ചു വിടൽ റദ്ദ് ചെയ്യുകയായിരുന്നു. ഇതിനെതിരേ ബാങ്ക് സർക്കാരിന് നൽകിയ അപ്പീൽ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ഇക്കാലം വരെ ഒൻപത് സ്റ്റേ പെറ്റീഷനുകൾ നൽകിയിരുന്നു.
ഇതു മൂലം 2006 മുതൽ 8 ലക്ഷത്തോളം രൂപ കേസ് നടത്തി ബാങ്ക് നഷ്ടപ്പെടുത്തിയതായി ചന്ദ്രൻ പറഞ്ഞു. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് 35 വർഷത്തെ ആനുകൂല്യങ്ങളും 17 വർഷത്തെ മുഴുവൻ ശമ്പളവുമടക്കം ഒരു കോടിയോളം രൂപ നഷ്ട പരിഹാരത്തുകയായി ചന്ദ്രന് നൽകാൻ ഉത്തരവിട്ടത്. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിനുള്ള യാതൊരു നടപടികളും ബാങ്ക് അധികൃതർ ഇതു വരെ സ്വീകരിച്ചിട്ടില്ലെന്നാണ് ചന്ദ്രൻ പറയുന്നത്.