തളിപ്പറമ്പ്: വെറും സ്വഭാവിക മരണമായി എഴുതിതള്ളപ്പെടുമായിരുന്ന ബക്കളത്തെ എ.വി.ചന്ദ്രന്റെ ദുരൂഹമരണത്തിന് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ തുമ്പുണ്ടാക്കിയത് സിഐ എ.അനില്‍കുമാറിന്റെ അന്വേഷണമികവ്. സംഭവസ്ഥലം പരിശോധിച്ചപ്പോള്‍ തന്നെ മരണത്തിലെ ദുരൂഹത സിഐക്ക് ബോധ്യപ്പെട്ടിരുന്നു. ശരീരത്തില്‍ നിന്ന് ഉരിഞ്ഞുമാറിയ മുണ്ടും മൃതദേഹത്തിന്റെ കിടപ്പും ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.
കൂടാതെ ചന്ദ്രന്റെ കൈയിലുണ്ടായിരുന്ന ഒരുപവന്റെ മോതിരം, മൊബൈല്‍ ഫോണ്‍, അയ്യായിരം രൂപയടങ്ങിയ പഴ്സ് എന്നിവ നഷ്ടപ്പെട്ടതുകൂടിയായതോടെ മരണത്തിന് പിന്നില്‍ മറ്റൊരാളുടെ സാന്നിധ്യം പോലീസ് ഉറപ്പിച്ചു. 9.45 ന് ചന്ദ്രനെ ഇവിടെ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനെയാണ് പോലീസ് ആദ്യം തെരഞ്ഞത്.
രാത്രിയില്‍ മാത്രം ഓട്ടോയെടുക്കുന്ന ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് മുഹമ്മദിന്റെ പങ്ക് വ്യക്തമായത്. പോലീസ് ഇയാളെ അന്വേഷിക്കുന്നതിനിടയില്‍ രണ്ട് തവണ മോഷ്ടിച്ച മൊബൈല്‍ ഓണ്‍ചെയ്തപ്പോള്‍ വിളക്കന്നൂരിലും നടുവിലിലും ടവര്‍ ലൊക്കേഷന്‍ കിട്ടുകയും ചെയ്തു. പോലീസ് തന്നെ സംശയിക്കുന്നതായി മനസിലാക്കിയ മുഹമ്മദ് ഒളിവില്‍ തുടരുകയായിരുന്നു.
വിഷുദിവസം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്ക് പോയ ചന്ദ്രന് വൃക്കരോഗിയായതിനാല്‍ അവശനിലയില്‍ ബസ്സ്റ്റാൻഡിൽ ഇരിക്കുമ്പോഴാണ് വീട്ടിലെത്തിക്കാമെന്ന വാഗ്ദാനം നല്കി മുഹമ്മദ് പ്ലാത്തോട്ടം കള്ള്ഷാപ്പിന് സമീപത്തെത്തിച്ച് മോഷണം നടത്തിയ ശേഷം ഇടവഴിയില്‍ ഉപേക്ഷിച്ച് കടന്നത്.
കര്‍ണാടകയിലെ കുടകിലേക്ക് രക്ഷപ്പെടാനായി ഇന്നലെ രാവിലെ തളിപ്പറമ്പ് ബസ്സ്റ്റാൻഡിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച മുഹമ്മദിന്റെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തി. തളിപ്പറമ്പ് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.