കൂത്തുപറമ്പ്: വേങ്ങാട് ദുരൂഹ സാഹചര്യത്തിൽ അറുപത്തിയഞ്ചുകാരൻ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലുള്ള മകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വേങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ വളയങ്ങാടൻ ചന്ദ്രൻ (65) മരണപ്പെട്ട സംഭവത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ നിജിലി (34)നെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദ്രന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ഇന്ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിനിടെ നിജിൽ പിതാവ് ചന്ദ്രനെ മൂർച്ചയേറിയ പട്ടിക കഷ്ണം കൊണ്ടടിച്ച് തലയ്ക്ക് പരിക്കേല്പിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. മറ്റൊരു മര കഷ്ണം കൊണ്ട് കാലിനും അടിച്ചതിനാൽ ചന്ദ്രന്റെ കാലിന്റെ എല്ലും പൊട്ടിയ നിലയിലായിരുന്നു.
ഈ സംഭവത്തെ തുടർന്ന് നിജിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ഓട്ടോറിക്ഷയിൽ ചന്ദ്രനെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിക്കുകയായിരുന്നു. അല്പസമയത്തിനകം ചന്ദ്രൻ മരിച്ചു. സംഭവ സമയം ഇരുവരും മദ്യപിച്ചിരുന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്. അബദ്ധത്തിൽ വീണ് പരിക്കേറ്റതാണെന്നായിരുന്നു ഇത് സംബന്ധിച്ച് നിജിൽ ഡോക്ടറോട് പറഞ്ഞത്.
എന്നാൽ ആഴത്തിലേറ്റ മുറിവിന്റെ അസ്വാഭാവികത കണ്ട് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതേ തുടർന്ന് നിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങി.ഇന്നലെ രാത്രി സി.ഐ ജോഷി ജോസ്, എസ് ഐ കെ.വി.നിഷിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക സംഭവം വെളിപ്പെട്ടത്.
ചന്ദ്രന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ് നിജിൽ. മറ്റൊരു ഭാര്യയോടൊപ്പം ശിവപുരത്തായിരുന്നു മിക്ക ദിവസങ്ങളിലും ചന്ദ്രൻ താമസിച്ചു വന്നത്. ഇവരുമായുണ്ടായ ചെറിയൊരു പിണക്കത്തെ തുടർന്ന് വിഷു ദിവസം മുതൽ ചന്ദ്രൻ വേങ്ങാട്ടെ വീട്ടിൽ വന്ന് താമസിച്ചു വരികയായിരുന്നു. അവിവാഹിതനായ നിജിൽ ബസ് ഡ്രൈവറായും ലോറിയിൽ ലോഡിംഗ്കാരനായും ജോലിയെടുത്ത് വരികയായിരുന്നു.
സ്പോർട്സ്മാൻ കൂടിയായ നിജിൽ അഞ്ചു വർഷക്കാലം ആർമിയിലും ജോലി ചെയ്തിരുന്നു.2011 ൽ അവധിക്കു വന്ന ഇയാൾ പിന്നീട് തിരിച്ചു പോയില്ല. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ കേസിൽ കൊലപാതക കുറ്റം ചുമത്തി പോലീസ് ഇന്ന് കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നല്കും. ഇതിനു ശേഷമാകും അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഉണ്ടാവുക.