പയ്യന്നൂര്‍: വിധിയുടെ വിളയാട്ടത്തില്‍ പകച്ചു നിൽക്കുകയായിരുന്ന ചന്ദ്രന് ആശ്വാസം പകർന്ന് ഭാഗ്യദേവതയുടെ കടാക്ഷം.പയ്യന്നൂര്‍ കേളോത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഓഫീസിന് സമീപം താമസിക്കുന്ന എരമംഗലം ചന്ദ്രനെയാണ് സംസ്ഥാന ലോട്ടറി പ്രതീക്ഷയുടെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
പിന്നിട്ട ജീവിതതാളുകള്‍ മറിച്ചുനോക്കുമ്പോള്‍ ചന്ദ്രന് ആശ്ചര്യമാണ്. ഇതിനെയെല്ലാം താനെങ്ങിനെയാണ് തരണം ചെയ്തതെന്ന അത്ഭുതവും. കാരണം പിന്നിട്ട നാളുകള്‍ ചന്ദ്രന്റെ ജീവിതം കശക്കിയെറിഞ്ഞ വിധിയുടെ വിളയാട്ടമായിരുന്നു. ചികിത്സകള്ക്കൊടുവിലുള്ള അച്ഛന്റേയും അമ്മയുടേയും വേര്‍പാട്.
പിന്നീട് ആശ്രയമായിരുന്ന ഭാര്യാമാതാവും. പിന്നാലെ ഹൃദയസംബന്ധമായ അസുഖത്തിന് അഞ്ചുവര്‍ഷത്തോളം നീണ്ട ചികിത്സക്കൊടുവില്‍ ഭാര്യ തമ്പായിയും വിടപറഞ്ഞു. ഇതിനിടയിലാണ് അനുജന്റെ കിണറ്റില്‍ വീണുള്ള മരണം. കോണ്‍ക്രീറ്റ് തൊഴില്‍ ചെയ്തുവരവേ പിടികൂടിയ നടുവേദന ചന്ദ്രനെ തൊഴിലില്നിന്നകറ്റിയിട്ട് നാളുകളേറെയായി.
പിന്നീട് പന്തല്‍ നിര്‍മാണ ജോലിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ കടന്നുവന്ന കൊറോണ വ്യാപനത്തില്‍ പന്തല്‍പണിയും ഇല്ലാതായി. ഭാര്യയുടെ പേരില്‍ കുടുസുമുറിയുള്ള വീട്ടില്‍ പയ്യന്നൂര്‍ കോളജിലെ ബിഎ ഹിസ്റ്ററി ബിരുദ വിദ്യാര്‍ഥിയായ മകള്‍ ശ്രീവിദ്യക്കും കണ്ടങ്കാളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ശ്രീനാഥിനും പഠിക്കാനുള്ള സൗകര്യം പോലുമില്ല.
ഇവരെക്കൂടാതെ ചന്ദ്രന്റെ സഹോദരൻ മിനീഷാണ് വീട്ടിലുള്ളത്. സ്വന്തമായി ഒരുവീടുവേണമെന്ന ആഗ്രഹം ഏറെനാളുകളായി ചന്ദ്രനുണ്ട്. എന്നാല്‍ ഉറ്റവരുടേയും ഉടയവരുടേയും ചികിത്സ വരുത്തിവെച്ച ബാധ്യതയും മക്കളുടെ പഠന ചെലവുകളും കീറാമുട്ടിയായി മുന്നിലുണ്ടായിരുന്നു.
തൊഴിലില്ലാതെ വരുമാനം നിലച്ചിരുന്ന അവസരങ്ങളിലും വര്‍ഷങ്ങളായി കേരള ലോട്ടറിയോടുള്ള സ്നേഹത്തിന് ഒരു കുറവും സംഭവിച്ചില്ല. അങ്ങിനെയാണ് പതിവുപോലെ പയ്യന്നൂരിലെ തിരുവോണം ഏജന്‍സിയില്‍നിന്നും ലോട്ടറി ടിക്കറ്റെടുത്തത്.
ഫലപ്രഖ്യാപനം വന്നപ്പോള്‍ ചന്ദ്രനെടുത്തിരുന്ന സ്ത്രീശക്തി ലോട്ടറിയുടെ എസ്ബി 727476 നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചത്. കടങ്ങള്‍ തീര്‍ത്ത് മക്കള്‍ക്ക് പഠിക്കാനുള്ള സൗകര്യത്തോടെ ഒരു വീടുവേണമെന്ന സ്വപ്നം ഇനിയെങ്കിലും സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രന്. ഇതുവരെയുണ്ടായ പരീക്ഷണങ്ങളെ തളരാതെ നേരിട്ടതിന് ദൈവം തന്ന സമ്മാനമായി കരുതുകയാണ് ഇപ്പോഴത്തെ ഭാഗ്യം.