കണ്ണൂര്‍: നല്ല സിനിമകള്‍ ചെയ്യാന്‍ പേടിയാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പാതി എന്ന സിനിമയുടെ സംവിധായകന് ചന്ദ്രന് നരിക്കോട്. പ്രയാസപ്പെട്ട് സിനിമയെടുത്താലും മുടക്കുമുതല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല. മുടക്കുമുതലെങ്കിലും തിരികെ ലഭിച്ചില്ലെങ്കില്‍ സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകില്ല.
നിര്‍മാതാക്കളില്ലെങ്കില്‍ നല്ല സിനിമയുണ്ടാകുന്നതെങ്ങിനെയാണെന്നും ചന്ദ്രന് നരിക്കോട് ചോദിച്ചു. പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൊമ്പരപ്പെടാന്‍ മാത്രമായി ആളുകള്‍ തിയറ്ററില്‍ പോകില്ല. ആസ്വാദനത്തിനു വേണ്ടിയും ടെന്‍ഷന്‍ കുറക്കാനുമാണ് ആളുകള്‍ സിനിമ കാണാനെത്തുന്നത്.
നല്ല സിനിമകള്‍ ഉണ്ടായാല്‍ പോര. അത്തരം സിനിമകള്‍ പ്രേക്ഷകര്‍ കണ്ടില്ലെങ്കില്‍ അതു സിനിമയുടെ പരാജയമായി കണക്കാക്കപ്പെടും. അതിനാല്‍ ഇനിയൊരു സിനിമ ചെയ്യുകയാണെങ്കില്‍ അതിനെ ഭയപ്പാടോടു കൂടിയേ സമീപിക്കാനാകൂ.
നല്ല സിനിമകളെ ജനങ്ങളിലേക്കെത്തിക്കാന്‍ മറ്റു സംവിധാനങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരും. പാതി എന്ന സിനിമ സ്കൂളുകളിലും ഫിലിം സൊസൈറ്റി മുഖാന്തിരവും പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കം നടത്തി വരികയാണ്. സിനിമയെ സ്നേഹിക്കുന്നവരുടെ സഹകരണം ഇതിനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മുഖാമുഖത്തിനു മുമ്പായി പാതി എന്ന സിനിമയുടെ പ്രദര്‍ശനവുമുണ്ടായി. പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സെക്രട്ടറി യു.പി സന്തോഷ്, പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവരും പങ്കെടുത്തു.