പയ്യന്നൂര്‍: മോഷണക്കേസിൽ പ്രതിയെ കോടതി കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെ വിട്ടു. രാമന്തളി കക്കമ്പാറയിലെ വിനോദ് ചന്ദ്രനെന്ന നടവളപ്പില്‍ ചന്ദ്രനെയാണ് (40) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.
കേസിൽ പ്രതിയായ വിനോദ് ചന്ദ്രൻ കോടതിയിൽ അഭിഭാഷകന്റെ സഹായമില്ലാതെ സ്വയമായിരുന്നു കേസ് വാദിച്ചത്. 2012 മാര്‍ച്ച് 28ന് പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ ആസിയയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. എഴേമുക്കാല് പവന്റെ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് അന്ന് ആസിയയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്യപെട്ടത്.
പഴയങ്ങാടി പോലീസ് രജിസറ്റർ ചെയ്ത കേസില്‍ ദീര്‍ഘനാളത്തെ അന്വേഷണത്തിന് ശേഷം വിനോദ് ചന്ദ്രനെ അന്നത്തെ തളിപ്പറമ്പ് സിഐ പി.കെ.സുധാകരനായിരുന്നു അറസ്റ്റ് ചെയ്തത്. വിചാരണ വേളയില്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയായ വിനോദ് ചന്ദ്രന് തന്നെയാണെന്ന് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കാനോ വിനോദ് ചന്ദ്രന് തന്നെയാണ് നടവളപ്പില്‍ ചന്ദ്രന് എന്ന് സ്ഥാപിക്കാനോ സാധിച്ചില്ല. ഇതേ തുടര്‍ന്ന് കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25ന് ഹോട്ടല്‍ തൊഴിലാളിയായ മാതമംഗലം കോയിപ്രയിലെ കെ.സി.ശ്രീധരനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടിച്ചുകൊല്ലുകയും വിശ്രമമുറിയില്‍ കഴിഞ്ഞിരുന്ന കൊടക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ 45,700 രൂപയും മൊബൈല്‍ ഫോണും രേഖകളും മോഷ്ടിച്ച കേസിലും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.കൊലപാതക കേസിലെ പ്രതിയെ തേടിയുള്ള അന്വേഷണം നടക്കുന്നതിനിടയില്‍ മറ്റൊരു കഞ്ചാവ് കേസിൽ മുണ്ടക്കയം പോലീസാണ് ഇയാളെ പിടികൂടിയത്.
കൊലപാതക കേസില്‍ അന്നത്തെ പയ്യന്നൂര്‍ സിഐ എം.പി. ആസാദാണ് ഇയാളെ അറസ്റ്റ്ചെയ്തിരുന്നത്. വിചാരണ നേരിടുന്ന പ്രസ്തുത കൊലപാതക കേസില്‍ ജയിലില്‍ കഴിയവേയാണ് പഴയങ്ങാടി കവര്‍ച്ച കേസിലെ വിചാരണയ്ക്ക് ഇയാള്‍ സ്വയം വാദിച്ചത്. വിചാരണ നേരിടുന്ന കൊലപാതക കേസിലും ഇയാള്‍ സ്വയം വാദിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് പയ്യന്നൂരിലെ അഭിഭാഷകര്‍.