പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലെ അക്രമസംഭവങ്ങളുടെ തുടർച്ചയായി അടൂരിലും പന്തളത്തും സംഘർഷം തുടരുന്നു. ബുധനാഴ്ച പന്തളത്തുണ്ടായ കല്ലേറിനേ തുടർന്ന് പരിക്കേറ്റു മരിച്ച ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കേ വിലാപയാത്രയും പൊതുദർശനവുമായി ബന്ധപ്പെട്ടും പോലീസ് കനത്ത ജാഗ്രത പാലിക്കുകയാണ്.
അടൂരിൽ ഹർത്താലിനേ തുടർന്ന് ഇന്നലെ ബിജെപി, സിപിഎം പ്രവർത്തകർ ഏറ്റുമുട്ടുകയും ഇരുപാർട്ടികളുടെയും ഓഫീസുകൾക്കുനേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇരുപാർട്ടികളിലുംപെട്ടവരുടെ വീടുകൾക്കു നേരെ ആക്രമണങ്ങൾ തുടരുകയാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജു, സഹോദരൻ ഏറത്ത് ഗ്രാമപഞ്ചായത്തംഗം ടി.ഡി. സജി എന്നിവരുടെ അടൂർ വടക്കടത്തുകാവിലെ വീടുകൾ രാത്രിയിൽ ആക്രമിച്ചു. ഇന്നു പുലർച്ചെ നാലോടെ ബൈക്കിലെത്തിയ മുപ്പതംഗസംഘം വീടുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്ന് ബൈജുവും സജിയും പറഞ്ഞു.
വീടിന്റെ വാതിലുകൾ മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. കണ്ടാലറിയാവുന്ന ആർഎസ്എസ് ക്രിമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് ബൈജു ആരോപിച്ചു. സ്ഥലത്തു പോലീസ് കാവൽ ശക്തിപ്പെടുത്തി. അടൂർ, പന്തളം ഭാഗങ്ങളിലായി രണ്ടുദിവസങ്ങൾക്കിടെ ഇരുവിഭാഗത്തിലെയും അന്പതോളം വീടുകൾ ആക്രമിച്ചിട്ടുണ്ട്.
ബിജെപി പ്രവർത്തകരായ മുന്നാളെ കരുവാറ്റ അരവിന്ദ ഭവനിൽ ഉഷാകുമാരി, ചേന്നന്പള്ളി രാഹുൽ ഭവനിൽ സതീശൻപിള്ള എന്നിവരുടെ വീടുകൾക്കു നേരെ ഇന്നലെ ആക്രമണമുണ്ടായിരുന്നു.