പന്തളം: ഹർത്താലിനോടനുബന്ധിച്ച് ശബരിമല കർമസമിതി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത കുരന്പാല കുറ്റിയിൽ വീട്ടിൽ ചന്ദ്രൻ ഉണ്ണിത്താനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ അറിവോടെ നടന്ന ആസൂത്രിതമായ കൊലപാതകമാണ് ഉണ്ടായത്. ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാതെ നടത്തുന്ന സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അടൂരിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം നടത്തിയ അക്രമങ്ങളിൽ 18 വീടുകൾക്കും വാഹനങ്ങൾക്കും ബിജെപി, ബിഎംഎസ് സംഘടനകളുടെ ഓഫീസുകൾക്കും കേടുപാടുണ്ടായി. പോലീസിന്റെ നടപടികൾ ഏകപക്ഷീയമാണ്. നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.