ന്യൂഡൽഹി: ഒഡീഷയിലെ ക്യോഞ്ചർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25കാരി ചന്ദ്രാണി മർമുവാണ് 17ാം ലോക്സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം. ബിജെഡി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ചന്ദ്രാണിയ്ക്ക് 25 വയസും 11 മാസവും ഒൻപത് ദിവസവുമാണ് പ്രായം.
ആദിവാസി ഭൂരിപക്ഷ മണ്ഡമായ ക്യോഞ്ചറിൽ നിന്ന് 66,203 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രാണി ജയിച്ചു കയറിയത്. തോൽപിച്ചതാകട്ടെ ഇവിടെ നിന്ന് രണ്ടുവട്ടം എസ്റ്റപിയായ അന്തനായകിനെയും.
മെക്കാനിക്കൻ എഞ്ചിനിയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം ജോലി തേടുന്നതിനിടെയാണ് ആകസ്മികമായുള്ള രാഷ്ട്രീയ പ്രവേശമെന്ന് ചന്ദ്രാണി പറഞ്ഞു. ക്യോഞ്ചർ മേഖല ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നം തൊഴിലില്ലായ്മയാണെന്നും അതിനൊരു പരിഹാരം കാണുകയാണ് ആദ്യ ലക്ഷ്യമെന്നും ചന്ദ്രാണി വ്യക്തമാക്കി.
ഒൻപത് തവണയാണ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ഇതര പ്രതിനിധികൾ ലോക്സഭയിൽ എത്തിയിട്ടുള്ളത്. ആറുവട്ടം ഇവിടെ നിന്ന് കോൺഗ്രസ് പ്രതിനിധികൾ പാർലമെന്റിലെത്തി. 1996ലായിരുന്നു മണ്ഡലത്തിലെ അവസാന കോൺഗ്രസ് ജയം. ബിജെപി ഇവിടെ നിന്നും മൂന്നുവട്ടവും ജയകണ്ടു.