ആലുവ: നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൈയിലിരിക്കുന്ന 12 ടിക്കറ്റുകൾ വിറ്റുതീർക്കാൻ ലോട്ടറിക്കാരി യുവതി പരിചയക്കാരെ പലരെയും വിളിച്ചു.
ഒടുവിൽ വിളികേട്ടയാൾക്ക് കടമായി മാറ്റി വച്ച ടിക്കറ്റിനേതേടി ഭാഗ്യം എത്തിയത് ആറ് കോടിയുമായി.
ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം ലോട്ടറി വില്പന നടത്തുന്ന വലമ്പൂരിൽ താമസിക്കുന്ന സ്മിജയാണ് കീഴ്മാട് സ്വദേശിയായ പി.കെ. ചന്ദ്രന്റെ ജീവിതത്തിൽ ഭാഗ്യദേവതയായത്.
സംസ്ഥാന സർക്കാർ ലോട്ടറിയുടെ സമ്മർ ബംപർ നറുക്കെടുപ്പ് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു.
ഉച്ചയായിട്ടും ടിക്കറ്റ് തീർന്നു പോകാത്തതിനെ തുടർന്ന് സ്മിജ പതിവായി ലോട്ടറിയെടുക്കുന്ന പലരെയും ഫോണിൽ വിളിച്ച് സഹായമഭ്യർഥിച്ചു. കൂട്ടത്തിൽ ചന്ദ്രനെയും വിളിക്കുകയായിരുന്നു.
കൈവശമുള്ള ടിക്കറ്റ് നമ്പർ അറിയിച്ചപ്പോൾ ഭാഗ്യം മറഞ്ഞിരുന്ന എസ്ഡി 316142 എടുത്തു വയക്കാൻ ചന്ദ്രൻ ആവശ്യപ്പെട്ടു.
ടിക്കറ്റിന്റെ ചിത്രം പകർത്തി വാട്ട്സ് ആപ്പിലൂടെ സ്മിജ ഉടൻ തന്നെ ചന്ദ്രന് അയച്ചു കൊടുക്കുകയും ചെയ്തു.
വൈകിട്ടോടെ ലോട്ടറിയുടെ ഫലം വന്നപ്പോൾ സ്മിജയിൽ നിന്നും ചന്ദ്രൻ കടമായി വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിയുന്നത്.
കൈവശം സൂക്ഷിച്ചിരുന്ന സമ്മാനാർഹമായ ടിക്കറ്റ് ഉടനെ സ്മിജയും ഭർത്താവ് രാജശേഖരനും കൂടി ചന്ദ്രനെ കണ്ടെത്തിയെൽപ്പിച്ചു.
നികുതി കഴിഞ്ഞ് 4 കോടി 20 ലക്ഷം രൂപ ലഭിക്കുന്ന ടിക്കറ്റ് ചന്ദ്രൻ ഇന്നലെ എസ്ബിഐ കീഴ്മാട് ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണ്.
വർഷങ്ങളായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ചന്ദ്രൻ കടബാധ്യതകൾ തീർത്ത് ബാക്കി തുക കൊണ്ട് സുഖമായി ജീവിക്കാനാണ് ഉദേശിക്കുന്നത്.
അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചതിന്റെ അമ്പരപ്പിലാണ് ചന്ദ്രനും കുടുംബവും.
സ്മിജയുടെ ദുരിത ജീവിതത്തിനിടയിലാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിൽക്കാൻ ഭാഗ്യം ലഭിച്ചത്. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി പട്ടിമറ്റം വലമ്പൂരിൽ ലഭിച്ച വീട്ടിലാണ് കീഴ്മാട് സ്വദേശിയായ ഇവരും കുടുംബവും കഴിയുന്നത്.
പന്ത്രണ്ട് വയസുകാരനായ മൂത്ത മകൻ ജഗൻ തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്.
രണ്ടാമത്തെ മകൻ ലുഖൈദിന് (രണ്ടര) രക്താർബുദം വന്നു മാറി. പട്ടിമറ്റത്തെ ലോട്ടറി ഏജൻസിയിൽനിന്നും ടിക്കറ്റെടുത്തു റോഡരികിലെ തട്ടിൽ വില്പന നടത്തിയാണ് ജീവിക്കുന്നത്.