നിയാസ് മുസ്തഫ
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (കെസിആർ) തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ്. ബിജെപിക്കോ കോണ്‍ഗ്രസിനോ സർക്കാരുണ്ടാക്കാൻ കഴിയാത്ത ഒരു സ്ഥിതി കേന്ദ്രത്തിൽ ഉടലെടുക്കാൻ. അങ്ങനെയൊരു അവസരം വന്നാൽ കെസിആർ സട കുടഞ്ഞെഴുന്നേൽക്കും. കാരണം പൊതു തെരഞ്ഞെടുപ്പിന് എത്രയോ നാൾ മുന്‍പേ മൂന്നാം മുന്നണിയെന്ന സ്വപ്നവുമായി നടക്കുകയാണ് കെസിആർ.
മൂന്നാം മുന്നണിയെന്ന ആശയം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശക്തി ക്ഷയിച്ചുകാണാൻ ആഗ്രഹിക്കുന്ന പ്രാദേശിക പാർട്ടികൾ ഇഷ്ടപ്പെടുന്നു. കെസിആർ അല്ലാതെ ആരും തീവ്രമായി അതിനു മുൻകൈ എടുക്കുന്നില്ലായെന്നുമാത്രം. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്കോ കോണ്‍ഗ്രസിനോ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത ഘട്ടം വന്നാൽ മാറിനിൽക്കുന്ന പ്രാദേശിക പാർട്ടികളെല്ലാം കെസിആറിന്റെ കുടക്കീഴിൽ വരുന്നത് വളരെ പെട്ടെന്നായിരിക്കും. ഇതിനായി കാത്തിരിക്കുകയാണ് കെസിആറും.
നിരവധി പ്രാദേശിക പാർട്ടികളുമായി ഇതിനോടകം കെസിആർ ആശയവിനിമയം നടത്തിക്കഴിഞ്ഞു. മനസുകൊണ്ട് പലരും കെസിആർ നേതൃത്വം നൽകുന്ന ഫെഡറൽ മുന്നണിയെന്ന മൂന്നാം മുന്നണിക്കൊപ്പമുണ്ട്. പക്ഷേ മൂന്നാം മുന്നണിക്ക് സാധ്യത തെളിയാതെ എങ്ങനെയാണെന്നാണ് അവരുടെ ചിന്ത.
പ്രധാനമന്ത്രി പദം മോഹിക്കുന്ന തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനർജിയെ ആണ് കെസിആർ പ്രധാനമായും മൂന്നാം മുന്നണിയിലേക്ക് ആഗ്രഹിക്കുന്നത്. ഇതുകൂടാതെ ഉത്തർപ്രദേശിലെ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യത്തേയും. ബിഎസ്പി നേതാവ് മായാവതിയും പ്രധാനമന്ത്രി പദം മോഹിക്കുന്നവരുടെ കൂട്ടത്തിലാണ്. ഈ രണ്ടു കൂട്ടരും കെസിആറിനൊപ്പം ചേർന്നാൽ പിന്നെയെല്ലാം വളരെ പെട്ടെന്നായിരിക്കും.
വയനാട് സീറ്റിനെ ചൊല്ലി രാഹുൽഗാന്ധിയുമായി ഇടഞ്ഞ ഇടതുപാർട്ടികളെയും കെസിആർ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒഡീഷയിലെ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ് ആർസിപി തുടങ്ങിയ പാർട്ടികളിലും കെസിആർ പ്രതീക്ഷ വയ്ക്കുന്നുണ്ട്. തെലങ്കാനയിലെ 17സീറ്റിലും കെസിആറിന്റെ പാർട്ടിയായ ടിആർഎസും അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയും സഖ്യമായി മത്സരിക്കുന്നു.
ഈ 17സീറ്റിലും വിജയപ്രതീക്ഷയിലാണ് കെസിആർ. പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യനാണ് കെസിആർ എന്നാണ് അസദുദ്ദീൻ ഒവൈസിയുടെ നിലപാട്. എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണി ഇപ്പോൾ ചർച്ച അല്ലെങ്കിലും തൂക്കുമന്ത്രി സഭയുടെ സാധ്യതയിലേക്കാണ് തെരഞ്ഞെടുപ്പ് ചിത്രം വിരൽചൂണ്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകൾ പറയുന്നത്.
തൂക്കുമന്ത്രിസഭ വന്നാൽ കെസിആർ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകുമെന്നതിൽ ആർക്കും തർക്കമില്ല. അതി നായി അല്പം കാത്തിരിക്കാൻ തന്നെയാണ് കെസിആറിന്റെ തീ രുമാനം.