ന്യൂഡല്‍ഹി: പോലീസ് വിലക്ക് ലംഘിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം. അതിനിടെ ജുമാ മസ്ജിദിനു മുന്നില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ നിന്നും അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പോലീസിനെ വെട്ടിച്ചു രക്ഷപെട്ടു.
ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ജുമ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് മസ്ജിദിലേക്കുള്ള മെട്രോ സ്റ്റേഷന് അടച്ചിടുകയും പരിസരത്ത് പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച നമസ്കാരത്തിന് എത്തിയ ആളുകളുടെ തിരിച്ചറിയില്‍ കാര്‍ഡുകള്‍ പരിശോധിച്ചാണ് പോലീസ് അകത്തേക്ക് കടത്തി വിട്ടത്.
അതിനിടെ ചന്ദ്രശേഖര്‍ ആസാദിനായി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡല്‍ഹിയില്‍ വന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചന്ദ്രശേഖറിന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ജുമാ മസ്ജിദ് പരിസരത്ത് പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷേണവും ഏര്‍പ്പെടുത്തി. ഒപ്പം നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കൂടുതല്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ചെയ്തു.
അതിനിടെ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത നിഷേധിച്ചും താന്‍ മസ്ജിദിലുണ്ട് എന്നു വെളിപ്പെടുത്തിയും ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. അതോടെ പോലീസ് കൂടുതല്‍ ജാഗ്രതയിലായി. വെള്ളിയാഴ്ച നമസ്കാരത്തിനു തൊട്ടു പിന്നാലെ ജുമാ മസ്ജിദിന്റെ ഒന്നാം നമ്പര്‍ ഗേറ്റിലേക്ക് ഇറങ്ങി വരുന്ന ചവിട്ടു പടികളില്‍ നൂറു കണക്കിന് ആളുകള്‍ക്കിടയില്‍ ഒരു കൈയില്‍ ഇന്ത്യന്‍ ഭരണഘടനയും മറു കൈയില്‍ ഡോ. അംബേദ്കറിന്റെ ചിത്രവുമായി ഉച്ചയ്ക്ക് 1.15ന് ചന്ദ്രശേഖര്‍ ആസാദ് പ്രത്യക്ഷപ്പെട്ടു.
അതോടെ ആകെ അങ്കലാപ്പിലായ പോലീസ് ജനക്കൂട്ടത്തിനിടയിലൂടെ ആസാദിനടുത്തേക്ക് എത്താന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. ഡല്‍ഹി പോലീസ് പിആര്‍ഒ എം.എസ്. രണ്‍ധാവ തന്നെ ഒന്നാം നമ്പര്‍ ഗേറ്റിലെത്തി ജനക്കൂട്ടത്തോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ചു. നൂറുകണക്കിന് ആളുകള്‍ ചന്ദ്രശേഖറിന് ചുറ്റുമായി നിന്നും അതിനിരട്ടി ആളുകള്‍ താഴെ റോഡിലും അണിനിരന്നതോടെ പ്രതിഷേധം ജനപങ്കാളിത്തം കൊണ്ടു വമ്പിച്ചതായി.
ആയിരക്കണക്കിന് ആളുകള്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ അണിനിരന്നു. അതിനിടെ ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ മസ്ജിദിലെ ഇമാമുമാരെ നേരില്‍ കണ്ട് പ്രതിഷേധക്കാരോട് സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് അഭ്യര്‍ഥിച്ചു.
ഉച്ചയ്ക്ക് 1.45 ആയതോടെ പോലീസ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തു. ആദ്യം എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നില്ല എങ്കിലും അധികം വൈകാതെ തന്നെ ചന്ദ്രശേഖര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നു വിദഗ്ധമായി രക്ഷപെട്ടു എന്ന വിവരമാണ് പുറത്തുവന്നത്.
അറസ്റ്റ് ചെയ്തു കൊണ്ടുപോകും വഴി പോലീസിനെ വെട്ടിച്ചു ജനക്കൂട്ടത്തിനിടയിലേക്ക് കുതറിമാറിയ ചന്ദ്രശേഖര്‍ ഓള്‍ഡ് ഡല്‍ഹിയിലെ തിങ്ങി നിറഞ്ഞ വീടുകള്‍ക്കകത്തേക്ക് ഓടിക്കയറുകയും അടുത്തടുത്തിരിക്കുന്ന കെട്ടിടങ്ങളുടെ ടെറസിലൂടെ ഓടി രക്ഷപെടുകയും ചെയ്തു. പോലീസ് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും ചന്ദ്രശേഖര്‍ കാണാമറയത്ത് എത്തിയിരുന്നു.
സെബി മാത്യു