നിയാസ് മുസ്തഫ
കെസിആറിന് അവസാനം ഒരുകാര്യം മനസിലായിട്ടുണ്ട്. മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുന്പോൾ മൂന്നാം മുന്നണിക്ക് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി കുറയും എന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ മുന്നണിക്കും ബദലായി മൂന്നാം മുന്നണി എന്ന ആശയം തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവുമായ കെ. ചന്ദ്രശേഖര റാവു (കെസിആർ) ഏറെക്കാലമായി കൊണ്ടു നടക്കുന്ന സ്വപ്നമാണ്. ഇതിനായി ചില ചരടുവലികൾ അദ്ദേഹം നടത്തിയിരുന്നു.
അടുത്തിടെ കേരളത്തിലെത്തിയ അദ്ദേഹം മുഖ്യ മന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നട ത്തിയിരുന്നു. ഡിഎംകെ നേതാവ് എം കെ സ്റ്റാലി നുമായി കൂടിക്കാഴ്ചയ്ക്കും ശ്രമിച്ചിരുന്നു. പ്രമുഖ പാർട്ടി നേതാക്കളായ അഖിലേഷ് യാദവ്, മായാവതി, മമത ബാനർജി, നവീൻ പട്നായിക്, ഫാറൂഖ് അബുദുള്ള, എച്ച് ഡി കുമാരസ്വാമി, അരവിന്ദ് കെജ്രിവാൾ, ചന്ദ്രബാബു നായിഡു, ജഗൻമോഹൻ റെഡ്ഢി തുടങ്ങിയവരെല്ലാം കെസിആറിന്റെ ഫെഡറൽ മുന്നണി എന്ന ആശയത്തോട് യോജിച്ചവരാണ്.
പക്ഷേ മൂന്നാം മുന്നണിക്ക് കളം ഒത്തുരാതെ എങ്ങനെ ഒരു തീരുമാനത്തിലെത്തുമെന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്.
എന്നാലിപ്പോൾ തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങൾ പൂർത്തിയായപ്പോൾ കോൺഗ്രസിന് കാര്യങ്ങൾ കുറേക്കൂടി എളുപ്പമായിരിക്കുന്നുവെന്ന് സൂചനകൾ വരുന്നു. ഇതോടെ കോൺഗ്രസിനോടൊപ്പം പ്രതിപക്ഷകക്ഷികൾ ഒന്നിച്ചുനിൽക്കാൻ ഒരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
കോൺഗ്രസിന് 140സീറ്റുകൾ ലഭിച്ചാൽ സർക്കാരുണ്ടാക്കാൻ നിഷ്പ്രയാസമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വിലയിരുത്തൽ. മേയ് 23ന് ഫലം വരുന്പോൾ തന്നെ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് 21പ്രതിപക്ഷ കക്ഷികൾ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് നൽകാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഏഴുഘട്ടം തെരഞ്ഞെടുപ്പ് പൂർത്തിയാകുന്പോൾ പ്രതിപക്ഷ കക്ഷികളുടെ വലിയൊരു യോഗം വിളിച്ചു ചേർക്കാനും കോൺഗ്രസ് ഒരുങ്ങുന്നുണ്ട്.
ബിജെപി സർക്കാരുണ്ടാക്കുന്നത് എങ്ങനെയും തടയുക എന്ന ലക്ഷ്യമാണ് പ്രതിപക്ഷ പാർട്ടികളെ ഒരുമുഴം മുന്നേയെറിയാൻ പ്രേരിപ്പിച്ചിരിക്കുന്നത്.അതേസമയം, ഫെഡറൽ മുന്നണിക്ക് ശ്രമിച്ച കെസിആറും കോൺഗ്രസിനോട് അടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് സർക്കാരുണ്ടാക്കിയാൽ കെസിആർ സംസ്ഥാന തലത്തിലുള്ള ശത്രുത മറന്ന് കോൺഗ്രസുമായി ദേശീയതലത്തിൽ ഒന്നിച്ചേക്കും.കെസിആറിനോടൊപ്പം വൈഎസ്ആർ കോൺഗ്രസും കോൺഗ്രസിനോടൊപ്പം കൂടാനുള്ള സാധ്യതയുണ്ട്.