ന്യൂഡല്‍ഹി: ചന്ദ്രയാന്‍ -3ല്‍ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ, പ്രഗ്യാന്‍ റോവര്‍ അയച്ച ഡാറ്റയില്‍ നിന്നുള്ള പുതിയ കണ്ടെത്തല്‍ ഐഎസ്ആര്‍ഒയുടെ കിരീടത്തില്‍ പുതിയ ഒരു പൊന്‍തൂവല്‍ ആകുന്നു. ദൗത്യത്തിലെ അപൂര്‍വ ചിത്രങ്ങളും വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. റോവറില്‍നിന്നും ലാന്‍ഡറില്‍നിന്നും ഇതുവരെ ലഭിക്കാത്ത ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പുറത്ത് വിട്ടത്.
ചന്ദ്രോപരിതലത്തില്‍ റോവര്‍ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങള്‍ വ്യക്തമായി കാണുന്ന ആദ്യ ചിത്രങ്ങള്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ദേശീയ ബഹിരാകാശ ദിനമായ ഇന്നു പുറത്തുവിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
മാഗ്മ സമുദ്രത്തിന്റെ സാന്നിധ്യം
സയന്‍സ് ജേര്‍ണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചന്ദ്രനില്‍ ഒരിക്കല്‍ മാഗ്മ സമുദ്രം ഉണ്ടായിരുന്നു എന്ന സൂചനയാണു പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ കാലങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന ഉരുകിയ പാറയുടെ പാളിയാണ് മാഗ്മ (ദ്രവശില) സമുദ്രം എന്നറിയപ്പെടുന്നത്.
(ഭൂമിയുടെയോ ചന്ദ്രന്റെയോ ഉപരിതലത്തിന് അടിയിലായി ഉരുകിയതോ പാതി ഉരുകിയതോ ആയ അവസ്ഥയിലുള്ള പാറ, താഴ്ന്ന തിളനിലയുള്ള വാതകങ്ങള്‍, പരല്‍ പദാര്‍ഥങ്ങള്‍, മറ്റു ഖര വസ്തുക്കള്‍ ഇവയുടെ മിശ്രിതത്തെയാണ് മാഗ്മ അഥവാ ദ്രവശില എന്ന് പറയുന്നത്).
ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവര്‍ 100 മീറ്റര്‍ സഞ്ചരിച്ചതിനിടെ ശേഖരിച്ച മണ്ണിന്റെ വിശകലത്തില്നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്നാണ് ജേര്‍ണല്‍ പറയുന്നത്.
മണ്ണിന്റെ വിശകലനത്തില്‍ ഫെറോന്‍ അനോര്‍ത്തോസൈറ്റ് എന്ന ധാതുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ചന്ദ്രനിലെ ഒരുതരം പാറയില്‍ കാണുന്നതാണ്. ഇതാണ് ഉരുകിയ പാളിയായ മാഗ്മ സമുദ്രത്തിന്റെ സാന്നിധ്യത്തിന് അടിവരയിടുന്നത്.
ഒരു കാലത്ത് ഇത്തരം പാറകള്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ടായിരുന്നിരിക്കാമെന്നും അത് മുഴുവന്‍ ഉരുകി മാഗ്മയായി മാറിയിരിക്കാം എന്നുമാണ് ജേര്‍ണലിലെ പഠനം ചൂണ്ടിക്കാട്ടുന്നത്.
പിന്നീട് അതിശൈത്യം ഉണ്ടായപ്പോള്‍ അത് തണുത്ത് ഫെറോന്‍ നോര്ത്തോസൈറ്റിന്റെ ഒരു ആവരണം രൂപപ്പെട്ടിരിക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ ഇന്ന്
ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക നേട്ടത്തിന്റെ വാര്‍ഷികം ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കാന്‍ പോകുകയാണ് രാജ്യം.
ഈയവസരത്തില്‍ ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയഗാഥ വിശദമായി അറിയിക്കുകയാണ് ഐഎസ്ആര്‍ഒ. ദേശീയ ബഹിരാകാശ ദിനമായ ഇന്ന് മുഴുവന്‍ വിവരങ്ങളും ഐഎസ്ആര്‍ഒ ഔദ്യോഗികമായി പുറത്തുവിടും.
പേടകത്തിലെ ശാസ്ത്ര പഠന ഉപകരണങ്ങള്‍ ശേഖരിച്ച വിവരങ്ങളും പുറത്തുവിടുമെന്നാണ് വിവരം. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ദേശീയ ബഹിരാകാശ ദിന ആഘോഷച്ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയാകും.
ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാന്‍-3. ഐഎസ്ആര്‍ഒ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് 2023 ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3 ഓഗസ്റ്റ് 23ന് വിജയകരമായി ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തയാക്കിയത്.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.