കോട്ടയം: ചന്ദ്രയാൻ 2 വിക്ഷേപണത്തിലൂടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തൻ ചരിത്രം കുറിക്കുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. 3,84,400 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ചാന്ദ്രയാൻ 2 സെപ്റ്റംബർ ആറിന് ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യുക എന്ന ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ അപൂർവ വിജയത്തിന്റെ ചരിത്രമായി മാറും.
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഭൂപ്രകൃതി, ധാതുഘടന, മൂലക സമൃദ്ധി, ബാഹ്യാന്തരീക്ഷം തുടങ്ങിയവയെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണവും പഠനങ്ങളുമാണ് മറ്റു ദൗത്യങ്ങൾ. ചന്ദ്രനെ വലംവയ്ക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബട്ടിക് റോവർ, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാൻഡർ എന്നീ മൂന്നു മൊഡ്യൂളുകളുള്ളതാണ് ചന്ദ്രയാൻ 2 ഉപഗ്രഹ സംവിധാനം.
ചന്ദ്രയാൻ 2 ദൗത്യം വിജയകരമായി പൂർത്തിയാകുന്പോൾ ബഹിരാകാശ ഗവേഷണ രംഗത്തു മുൻപന്തിയിലായിരുന്ന അമേരിക്കയുടെയും റഷ്യയുടെയും നിരയിലെത്തുകയാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുകയാണു ചെയ്തത്. എന്നാൽ, പത്തുവർഷങ്ങൾക്കുശേഷം ചന്ദ്രയാൻ 2 ലെത്തുന്പോൾ ഇന്ത്യ സാങ്കേതികമായി വളരെയേറെ വളർന്നു.
ഇത്തവണ സുരക്ഷിത ലാൻഡിംഗാണ് ഇസ്രോയുടെ പദ്ധതി. മുന്പ് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ് ഈ രീതി അവലംബിച്ചു വിജയിച്ചിട്ടുള്ളത്. ധാരാളം ഗർത്തങ്ങളും പർവതങ്ങളും സമതലങ്ങളും നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 2 ഇറങ്ങുക. ഇതുവരെ ഒരു ബഹിരാകാശ പേടകവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയിട്ടില്ല.
ലാൻഡർ വിക്രം
ചന്ദ്രയാൻ രണ്ടാം ദൗത്യത്തിൽ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരിക്കുന്നത് വളരെ സങ്കീർണമായ സാങ്കേതിക വിദ്യകളാണ്. ഉപഗ്രഹത്തിന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിനു മുന്പായി മൂന്നര ലക്ഷം കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മാൻസിനസ്–സി, സെംപിലസ്–എൻ ഗർത്തങ്ങൾക്കിടയിലെ സമതലത്തിലാകും വിക്രം എന്നു പേരിട്ട ലാൻഡർ ഇറങ്ങുക.
ചെറുതും വലുതുമായ ഗർത്തങ്ങളാൽ ചുറ്റപ്പെട്ട ഉയർന്ന സമതലത്തിലെ സുരക്ഷിതകേന്ദ്രം ചന്ദ്രയാൻ 2 അന്നേരത്തെ വിവിധ സാഹചര്യങ്ങൾ പഠിച്ച ശേഷം തത്സമയമായിരിക്കും തീരുമാനിക്കുക.
ലാൻഡറിനു സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള സ്ഥലം കണ്ടെത്തുന്നത് ഓർബിറ്ററായിരിക്കും. ഇതിനുള്ള ആധുനിക കാമറയും മറ്റ് ഉപകരണങ്ങളും ഓർബിറ്ററിലുണ്ട്. 74 ഡിഗ്രി ലാറ്റിറ്റ്യൂഡിലുള്ള സ്ഥലമായിരിക്കും ഓർബിറ്റർ തീരുമാനിക്കുക. അത് പരമാവധി സുരക്ഷിതമായിരിക്കുകയും വേണം.
സൂര്യപ്രകാശത്തിൽ നിന്നുള്ള ഊർജമാണ് ലാൻഡറും റോവറും ഉപയോഗിക്കുക. വളരെ തെളിഞ്ഞ സൗരോർജ വെളിച്ചം ലഭിക്കുന്ന സ്ഥലമായതിനാലാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലാൻഡിംഗിനായി തെരഞ്ഞെടുത്തത്. ജലത്തിന്റെയും ധാതുക്കളുടെയും സാന്നിധ്യം കൂടുതലുള്ള സ്ഥലവും ദക്ഷിണധ്രുവമാണ്. ഈ കാരണവും ലാൻഡിംഗിനായി ദക്ഷിണധ്രുവം തെരഞ്ഞെടുക്കാൻ പ്രേരകമായി.
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നു നൂറു കിലോമീറ്റർ മുകളിൽനിന്നാണ് ലാൻഡർ വേർപെടുക. ചന്ദ്രന്റെ പ്രതലത്തിൽ നാല് കാലുകളിൽ ഇത് ലാൻഡ് ചെയ്യും. 100 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിൽ നിന്ന് 15 മിനിറ്റു കൊണ്ടാണ് ലാൻഡർ ചന്ദ്രോപരിതലത്തിലേക്കെത്തുക. നാലു കിലോമീറ്റർ ആഴവും എട്ടുമുതൽ 30 വരെ കിലോമീറ്റർ വ്യാസവുമുള്ള ഗർത്തങ്ങളാണ് മൻസിനസ്–സിയും സെംപിലസ്–എൻനും. വിഖ്യാതരായ രണ്ടു ശാസ്ത്രജ്ഞരുടെ പേരിൽ നിന്നാണ് രണ്ടു ഗർത്തങ്ങൾക്കും പേരിട്ടിരിക്കുന്നത്. കാർലോ മൻസിനി (1599–1677) ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനാണെങ്കിൽ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞനാണ് ഹഗ് സെംപിൾ (1596–1654).
ഈ രണ്ടു ഗർത്തങ്ങൾക്കു പുറമെ ചെറിയ നിരവധി ഗർത്തങ്ങൾ നിറഞ്ഞതാണ ചന്ദ്രന്റെ ദക്ഷിണധ്രുവം. ഗർത്തങ്ങൾ മാത്രമല്ല അഗ്നിപർവത സ്ഫോടനങ്ങളെത്തുടർന്ന് രൂപപ്പെട്ട നിരവധി പാറക്കെട്ടുകളുടെയും (ലാവ ഒഴുകി തണുത്തുറഞ്ഞ്) മേഖലയാണിത്. അതുകൊണ്ടു തന്നെ അപകടരഹിതമായ ലാൻഡിംഗ് കേന്ദ്രം കണ്ടെത്തുക വളരെ ശ്രമകരമാണ്.
റോവർ പ്രഗ്യാൻ
ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽനിന്നു റോവർ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. പ്രഗ്യാൻ എന്നാണ് റോവറിനു നൽകിയിരിക്കുന്ന പേര്. റോവറിന്റെ ഭാരം ഏകദേശം 27 കിലോഗ്രാമാണ്. സൗരോർജത്തിലാണ് റോവർ പ്രവർത്തിക്കുന്നത് . റോവറിന് ആറ് ചക്രങ്ങൾ ഉണ്ടായിരിക്കും. അത് സൂര്യപ്രകാശത്തിൽനിന്ന് ഊർജം സ്വീകരിച്ചാണ് പ്രവർത്തിക്കുക.
ഒരു വർഷം തകരാറുകളില്ലാത്ത വിധം പ്രവർത്തിക്കാൻ കഴിയുന്ന വിധമാണ് റോവർ നിർമിച്ചിരിക്കുന്നത്.
റോവർ മണിക്കൂറിൽ പരമാവധി 360 മൈൽ വേഗത്തിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കും. റോവർ ലാൻഡറിൽനിന്ന് പുറത്തുവരാൻ ലാൻഡ് ചെയ്തതിന് ശേഷം നാലു മണിക്കൂറെങ്കിലും എടുക്കും. ടെറൈൻ മാപ്പിംഗ് കാമറ, സോളാർ എക്സറേ മോണിറ്റർ, ഓർബിറ്റർ ഹൈ റസല്യൂഷൻ കാമറ തുടങ്ങി നിരവധി ഉപകരണങ്ങളും ചാന്ദ്രയാൻ രണ്ടിലുണ്ട്. ഇവയെല്ലാം തദ്ദേശീയമായി വികസിപ്പിച്ചതാണ്.
സന്ദീപ് സലിം