ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപിക്കുന്നതിന്റെ ഭാഗമായ കൗണ്ട് ഡൗൺ ഇന്ന് ഉച്ചകഴിഞ്ഞ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ ആരംഭിക്കും.
ഇരുപത്തിയഞ്ചര മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ ഉച്ചയ്ക്ക് ഒരു മണിക്കാണ് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ തുടങ്ങുക. എല്ലാം അനുകൂലമായാൽ നാളെ ഉച്ചകഴിഞ്ഞ് 2.35ന് ശ്രീഹരിക്കോട്ടയിൽനിന്ന് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരും.
ഇസ്രൊയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എൽവിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കുന്നത്. ഏകദേശം 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന ദൗത്യത്തിലെ ലാൻഡർ ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ.
വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനിറ്റിൽ പേടകം റോക്കറ്റിൽനിന്ന് വേർപ്പെടും. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടിക്കൊണ്ടുവരും.
ഇതിനുശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചന്ദ്രനിൽനിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക.
ഭ്രമണപഥം വിട്ട് കഴിഞ്ഞാൽ 20 മിനിറ്റ് കൊണ്ട് ലാൻഡ് ചെയ്യാനാണ് ഇസ്രോ പദ്ധതിയിട്ടിരിക്കുന്നത്. ലാൻഡിംഗ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്.
പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം. ഇത്രയും കഴിഞ്ഞാൽ മാത്രമേ ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായെന്ന് പ്രഖ്യാപിക്കാനാവൂ.