മോസ്കോ: ചന്ദ്രനിലേക്കു വീണ്ടും കാലെടുത്തു വെക്കാനൊരുങ്ങി റഷ്യയും. ചന്ദ്രനിലേക്കു ലൂണ 25 പേടകം വിക്ഷേപിച്ചതോടെ ചന്ദ്രനിൽ ഇനി ലാൻഡിംഗ് മത്സരം. റഷ്യൻ പേടകം ലൂണ 25 വിക്ഷേപണം വിജയകരമെന്നു റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.
47 വർഷത്തിനു ശേഷമാണ് റഷ്യ ചാന്ദ്രദൗത്യവുമായി എത്തുന്നത്. 1976 ൽ സോവ്യറ്റ് യൂണിയനായിരുന്നപ്പോഴായിരുന്നു അവസാന ചാന്ദ്രദൗത്യം. അഞ്ചുദിവസംകൊണ്ടു ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തുന്ന ലൂണ ഏഴു ദിവസം കൊണ്ട് ചന്ദ്രനിലിറങ്ങുമെന്നാണു റഷ്യ അറിയിച്ചിരിക്കുന്നത്. ഇന്ധനമില്ലാതെ 800 കിലോ ഭാരവും, ഇന്ധനത്തോടെ 980 ഭാരവുമാണു ലൂണ 25ന് ഉണ്ടാവുക.
നമുക്ക് ചന്ദ്രയാൻ 3 നെ നേരിട്ട് ചന്ദ്രനിലെത്തിക്കാനാവില്ല. നമ്മുടെ റോക്കറ്റുകൾക്ക് അത്രയും കരുത്തില്ല. അതിനാലാണു കൂടുതൽ ദിവസങ്ങൾ ഭ്രമണപഥത്തിൽ കറങ്ങേണ്ടിവരുന്നതും നിരവധിതവണ ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കേണ്ടിവരുന്നതും. എന്നാൽ ലൂണ 25ന് അതിശക്തമായ സോയൂസ് 2ബി റോക്കറ്റുകളുണ്ട്.
ഇവ അതിവേഗത്തിൽ ചന്ദ്രനിലെത്താൻ സഹായിക്കും. ട്രാൻസ് ലൂണാർ ഇജക്ഷൻ എന്ന രീതിയാണ് ലൂണയിലുള്ളത്. ഏറ്റവും കുറഞ്ഞ ചെലവിൽ ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.
രാഷ്ട്രീയമാനം
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുടെ മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ റഷ്യൻ ചാന്ദ്രദൗത്യത്തിനു രാഷ്ട്രീയമാനങ്ങളുമുണ്ട്. ഉപരോധം ഒരുതരത്തിലും തങ്ങളെ ബാധിച്ചിട്ടില്ല എന്നു ലോകത്തെ കാണിക്കാനുള്ള അവസരംകൂടിയായാണ് റഷ്യ ദൗത്യത്തെ കാണുന്നത്.
രണ്ടു സോഫ്റ്റ് ലാൻഡിംഗും 23ന്
ഇന്ത്യയുടെ ചന്ദ്രയാൻ 3, ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ച ദിവസമാണ് റഷ്യ ലൂണ 25 വിക്ഷേപിച്ചത്. ചന്ദ്രയാൻ 3 ഈ മാസം 23ന് ചന്ദ്രോപരിത്തലത്തിൽ ഇറങ്ങുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.
റഷ്യൻ സ്പേസ് ഏജൻസി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 23 നുതന്നെയാവും ലൂണയും ചന്ദ്രനിലിറങ്ങുക. ഇന്ത്യയേക്കാൾ വേഗത്തിലാണ് ഇവ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് എത്തുക. ലൂണ 25 ലക്ഷ്യമിടുന്നതും ചന്ദ്രന്റെ ദക്ഷിണ ധ്രുവമാണ്. ചന്ദ്രോപരിതലത്തെ പഠിക്കാനും ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനും ലക്ഷ്യമിട്ടുള്ളതാണ് ലൂണ 25.
ആരാദ്യം, അത് സസ്പെൻസ്
ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 4.40ന് വൊസ്തോച്നി നിലയത്തിൽനിന്നാണ് ലൂണ 25 നെ വിക്ഷേപിച്ചത്. ചന്ദ്രയാൻ 3ഉം ലൂണ25ഉം ദക്ഷിണ ധ്രുവത്തിലെ വ്യത്യസ്ത ഇടങ്ങളിലാണ് ഇറങ്ങുക. പരസ്പരം മത്സരിക്കുകയാണെങ്കിലും, രണ്ട് ദൗത്യങ്ങൾക്കും ലാൻഡിംഗിനായി വ്യത്യസ്ത രീതികളാണുള്ളത്. ഇന്ത്യയെ പിന്തള്ളി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകുമോ റഷ്യയെന്ന അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ലൂണയുടെ ദൗത്യം
ഒരു വർഷത്തോളം ലൂണ ചന്ദ്രനിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുമെന്നാണ് റഷ്യൻ സ്പേസ് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.
സാംപിളുകൾ എടുത്ത് മണ്ണിന്റെ വിശകലനം, ദീർഘകാല ശാസ്ത്ര ഗവേഷണം നടത്തുക എന്നീ ചുമതലകൾ വഹിക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കുറിച്ച് പഠിക്കാനും, രിഗോലിത്ത്, ചന്ദ്രോപരിതലത്തിലെ ധൂളികൾ എന്നിവയെക്കുറിച്ച് പഠനം നടത്തുകയുമാണ് ലൂണയുടെ പ്രധാന ദൗത്യം.
ലൂണയുടെ ഘടന
ഇന്ധന ടാങ്കുകളും നാല് കാലുകളും കൂടിയതാണ് ലൂണ 25 ന്റെ ലാൻഡർ. സോളാർ പാനലുകളും കമ്യൂണിക്കേഷൻ ഗിയർ, കംപ്യൂട്ടർ, ശാസ്ത്രോപകരണങ്ങൾ എന്നിവ കൊണ്ടും സജ്ജമാണ് ലൂണ 25.
ഇന്ധനമില്ലാതെ 800 കിലോ ഭാരവും ഇന്ധനത്തോടെ 950 കിലോ ഭാരവുമാണ് ലൂണയ്ക്കുള്ളത്. ലാൻഡറിൽ 1.6 മീറ്റർ നീളമുള്ള ലൂണാർ റോബോട്ടിക് ആമിന്റെ സഹായത്തോടെ ചന്ദ്രോപരിതലത്തിൽ 2030 സെന്റീമീറ്റർ അഴത്തിൽ കുഴിക്കാനാവും.