ചന്ദ്രനു 2.100 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിന് ലാൻഡറു(വിക്രം)മായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. വരും മണിക്കൂറുകളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും ഐഎസ്ആർഒ അറിയിച്ചു.
37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാൻഡിംഗ് ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.52ന് ലാൻഡിംഗ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതെ വരികയായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നു നൂറു കിലോമീറ്റർ മുകളിൽനിന്നാണ് വിക്രം ചന്ദ്രയാനിൽനിന്നും വേർപെട്ടത്. ഇതിനു ശേഷം 15 നിമിഷങ്ങൾക്കകം ചാന്ദ്രപ്രതലത്തിൽ നാല് കാലുകളിൽ വന്നിറങ്ങാനായിരുന്നു പദ്ധതി.
വിക്രം ഇറങ്ങുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവം വൻ ഗർത്തങ്ങളും അഗ്നിപർവത സ്ഫോടനങ്ങളെത്തുടർന്ന് രൂപപ്പെട്ട നിരവധി പാറക്കെട്ടുകളുടെയും (ലാവ ഒഴുകി തണുത്തുറഞ്ഞ്) മേഖലയാണ്. അതുകൊണ്ടു തന്നെ അപകടരഹിതമായ ലാൻഡിംഗ് കേന്ദ്രം കണ്ടെത്തുക വളരെ ശ്രമകരമാണ്.
വിക്രം വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന 15 മിനിട്ട് മുൻപൊരിക്കലും ഇല്ലാത്ത വിധം “ഭയപ്പെടുത്തുന്ന നിമിഷങ്ങൾ’ എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നത്. ചന്ദ്രനിലെ പാറകളുടെയും മണ്ണിന്റെയും ഘടന പഠിക്കുന്ന റോവർ വിക്രമിന്റെ ഉള്ളിലുണ്ട്. റോബട്ടിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ആറു ചക്രത്തിൽ ഓടുന്നതാണ് റോവർ.
കാത്തിരിപ്പോടെ ശാസ്ത്രലോകം
വിക്രം എവിടെയെങ്കിലും ഇടിച്ചിറങ്ങിയോ, മറ്റെവിടെയെങ്കിലും വിജയകരമായി ഇറങ്ങിയോ, ചന്ദ്രനിലെ ഗർത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന് സാധ്യതകളാണ് ശാസ്ത്രജ്ഞർ സംശയിക്കുന്നത്. സുരക്ഷിതമായി ഇറങ്ങിയെങ്കിൽ പിന്നീട് സിഗ്നൽ ലഭിക്കാനും സാധ്യതയുണ്ട്.
ഇതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ഓർബിറ്ററില്നിന്നുള്ള വിവരവും നിർണായകമാണ്. ഒരു വർഷം പ്രവർത്തന കാലമുള്ളതാണ് ഒാർബിറ്റർ. ഹൈ റെസലൂഷൻ കാമറയാണ് ഓർബിറ്ററിന്റെ പ്രധാന ഉപകരണങ്ങളിലൊന്ന്.