ബംഗളൂരു: ഇന്ത്യയുടെ അന്യഗ്രഹപര്യവേക്ഷണ പേടകമായ ചന്ദ്രയാൻ 3 ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിൽ ഭാരതം മാത്രമല്ല, ലോകം മുഴുവനുമുണ്ട്. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ ഇറങ്ങാൻ പോകുന്നതെന്നത് ആകാംക്ഷ കൂട്ടുന്നു.
ഇന്നു വൈകുന്നേരം 6.04നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഉപഗ്രഹമിറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും. ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ഇന്ത്യക്കു സ്വന്തം.
വൈകിട്ട് 5.45 മുതൽ 6.04 വരെ പത്തൊൻപത് മിനിറ്റ് ചങ്കിടിപ്പ് കൂട്ടുന്ന നിമിഷങ്ങളായിരിക്കും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയാറാക്കിയാണ് ഐഎസ്ആർഒ ദൗത്യം വിജയിപ്പിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിരിക്കുന്നതെന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിംഗിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് കമാൻഡ് നെറ്റ് വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ഇന്ത്യയുടെ പഴയ ദൗത്യമായ ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്.
ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്. ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയയ്ക്കും പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്വെയറാണ്.
മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. ഇന്നത്തെ സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ നാലു ദിവസംകൂടി ചന്ദ്രനെ ഭ്രമണം ചെയ്യാനുള്ള ഇന്ധനം പേടകത്തിലുണ്ട്.
ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ചരിത്രമുഹൂര്‍ത്തം തത്സമയം കാണാം. ഇന്ന് വൈകുന്നേരം 5.20 മുതല്‍ ഐഎസ്ആര്‍ഒയുടെ വെബ്സൈറ്റിലും യുട്യൂബ് ചാനലിലും ഫേസ്ബുക്കിലും തത്സമയദൃശ്യങ്ങള്‍ ലഭിക്കും. ഇതോടൊപ്പം ദൂരദര്ശന് ദേശീയ ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.
ഇറങ്ങിയശേഷം എന്തു ചെയ്യും
ചന്ദ്രയാന്‍ 3ന്റെ ലാൻഡറിനും റോവറിനും ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം) അവിടെയുള്ള ചുറ്റുപാടുകൾ പഠിക്കാനുള്ള ദൗത്യമാണുള്ളത്. ചന്ദ്രോപരിതലം നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. ചന്ദ്ര മണ്ഡലത്തിലെ മൂലകങ്ങളുടെ ഘടന അടക്കമുള്ള വിവരങ്ങൾ പ്രഗ്യാൻ ശേഖരിക്കും. ഇത് ലാൻഡറിലേക്കയച്ച് അവിടെനിന്നാകും ഐഎസ്ആർഒയുടെ ബംഗളൂരു കേന്ദ്രത്തിലെത്തിക്കുക.
ലാൻഡ് ചെയ്താലുടൻ വിക്രം ലാൻഡറിന്റെ പാനലുകളിലൊന്ന് നിവർത്തി റോവറിനു പുറത്തേക്കിറങ്ങാൻ പാതയൊരുക്കും. ചന്ദ്രോപരിതലത്തിൽ തൊട്ടതിന് പിന്നാലെ വിക്രം ലാൻഡറിന്റെ ഒരുവശത്തെ പാനൽ തുറക്കും. ഇത് പ്രഗ്യാൻ റോവറിന് ഒരു റാന്പ് സൃഷ്ടിക്കും. ആറു ചക്രങ്ങളിൽ ഉരുളുന്ന റോവറിനു മേൽ ഇന്ത്യൻ ദേശീയ പതാകയും ഐഎസ്ആർഒയുടെ ലോഗോയും പതിച്ചിട്ടുണ്ട്.
ലാൻഡ് ചെയ്ത് നാലു മണിക്കൂറിനു ശേഷമാവും റോവർ പുറത്തിറങ്ങുക. ചന്ദ്രോപരിതലത്തിൽ, സെക്കൻഡിൽ ഒരു സെന്റിമീറ്റർ ആയിരിക്കും ഇതിന്റെ വേഗം. ഉരുളുന്ന സ്ഥലത്തെല്ലാം ഇത് ദേശീയപതാകയുടെയും ഐഎസ്ആർഒ ലോഗോയുടെയും അടയാളങ്ങൾ പതിപ്പിക്കും.
ദക്ഷിണധ്രുവത്തിൽ വെള്ളം കാണുമോ?
ചന്ദ്രന്റെ ദക്ഷിണധ്രുവം ഉത്തരധ്രുവത്തെക്കാൾ വളരെ വലുതായി തുടരുന്നതിനാലും ചുറ്റുമുള്ള സ്ഥിരമായ നിഴൽ ഈ പ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത കൂട്ടുന്നതിനാലുമാണ് പര്യവേക്ഷണത്തിനു ദക്ഷിണധ്രുവംതന്നെ തെരഞ്ഞെടുക്കാൻ കാരണം.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇതുവരെ ഒരു ഉപഗ്രഹവും സോഫ്റ്റ് ലാൻഡ് ചെയ്തിട്ടില്ല എന്നതും തെരഞ്ഞെടുപ്പിനു കാരണമായി. യുഎസ്, ചൈന, പഴയ സോവിയറ്റ് യൂണിയൻ എന്നിവരാണ് ഇതിനു മുന്‍പ് ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിംഗ് നടത്തിയിട്ടുള്ളത്.
“ലൂണ’യുടെ പരാജയം
റഷ്യയുടെ ലൂണ 25 ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിച്ചതിന് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാൻഡിംഗ് എന്നതും ശ്രദ്ധേയമാണ്.
ചന്ദ്രയാന്‍ 3 വിജയമായാൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ് കുതിച്ചുയരും. ജൂലൈ 14നാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ലോഞ്ച് വെഹിക്കിൾ മാർക്ക് III (LVM 3) റോക്കറ്റ് ചന്ദ്രയാൻ 3നെ വഹിച്ച് ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്നത്.