ചന്ദ്രയാൻ -3 ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രാലയം ഒരു പോർട്ടലും കോഴ്സുകളും അവതരിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രാലയം ചന്ദ്രയാനിൽ പ്രത്യേക കോഴ്സ് മൊഡ്യൂളുകൾ തുടങ്ങുകയും വിദ്യാഭ്യാസ വെബ്സൈറ്റ് ‘അപ്ന ചന്ദ്രയാൻ’ എന്ന പേരിൽ ആരംഭിക്കുകയും ചെയ്യും.
ഔദ്യോഗിക അറിയിപ്പിൽ മന്ത്രാലയം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും, പോർട്ടൽ പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ പ്രത്യേക കോഴ്സ് മൊഡ്യൂളുകൾ പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രത്യേക കോഴ്സുകളിൽ ചേരാൻ എല്ലാ വിദ്യാർഥികളെയും പ്രോത്സാഹിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, വിദ്യാർഥികൾക്കായി ചന്ദ്രയാൻ -3 മഹാ ക്വിസിന്റെ രജിസ്ട്രേഷൻ പ്രക്രിയ നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പങ്കെടുക്കുന്നവരെ ചന്ദ്രയാൻ -3 ദൗത്യത്തെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും അവരുടെ അറിവ് പരീക്ഷിക്കാൻ അനുവദിക്കുന്നതിനാണ് ക്വിസ് ആരംഭിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 31 വരെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) സഹകരണത്തോടെ MyGov ആണ് ചന്ദ്രയാൻ-3 മഹാ ക്വിസ് സംഘടിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രം, ചന്ദ്രയാൻ-3 ദൗത്യം, ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ക്വിസിൽ ഉള്ളത്. ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ഉണ്ട്, വിദ്യാർഥികൾ ശരിയായ ഒന്ന് തിരഞ്ഞെടുക്കണം.