കൽപ്പറ്റ: തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ തോൽപ്പെട്ടി ചെക്ക് പോസ്റ്റിന് സമീപം ഭർതൃമതിയായ യുവതി കുത്തേറ്റ് മരിച്ചു. കൊറ്റൻ കോട് ചന്ദ്രിക (38) ആണ് മരിച്ചത്. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവുമായി രാത്രി പത്തരയോടെ ചന്ദ്രികയെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.
കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവായ ഇരിട്ടി സ്വദേശി അശോകൻ ചന്ദ്രികയെ കുത്തിക്കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്. അശോകനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എസ്ഐ സ്ഥലത്തെത്താൻ വൈകിയെന്നാരോപിച്ച് നാട്ടുകാർ പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.
ഇന്നലെ രാത്രി രാത്രി 9.15 ഓടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച് കൈ കഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ ഒളിഞ്ഞിരുന്ന അശോകൻ കുത്തുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ചന്ദ്രികയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അശോകനും ചന്ദ്രികയും ഏറെക്കാലമായി അകന്ന് താമസിക്കുകയാണ്. ഇടയ്ക്കിടെ അശോകൻ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. മാസങ്ങൾക്ക് മുന്പ് കുടുംബവഴക്കിന്റെ പേരിൽ തിരുനെല്ലി പോലീസ് അശോകനെതിരെ കേസെടുത്തിരുന്നു.
എന്നാൽ അന്ന് പോലീസ് വിഷയം ഗൗരവകരമായി കണ്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വിദ്യാർത്ഥികളായ നീതു, നിത്യ എന്നിവരാണ് ചന്ദ്രികയുടെ മക്കൾ.