മാനന്തവാടി/കാട്ടിക്കുളം: തോൽപ്പെട്ടിയിൽ കൊറ്റൻകോട് ചന്ദ്രിക(38) കുത്തേറ്റുമരിച്ച കേസിൽ ഭർത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറന്പിൽ അശോകനെ(45)തിരുനെല്ലി പോലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തോൽപ്പെട്ടിയിലെത്തിയ പോലീസ് സംഘത്തിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു 18 പേർക്കെതിരെ കേസെടുത്തു. ഞായറാഴ്ച്ച രാത്രി ഒന്പതരയോടെയാണ് ചന്ദ്രികയ്ക്കു കുത്തേറ്റത്.
വൈകുന്നേരം ഏഴരയോടെ ഭാര്യവീടിനടുത്തു എത്തിയ അശോകൻ തോട്ടത്തിൽ മറഞ്ഞിരിക്കുകയും ചന്ദ്രിക വീടിനു പുറത്തിറങ്ങി പാത്രങ്ങൾ കഴുകുന്നതിനിടെ കുത്തിവീഴ്ത്തുകയുമായിരുന്നു. നാട്ടുകാർ ചന്ദ്രികയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരാണ് അശോകനെ പിടികൂടി വീട്ടിലാക്കി പോലീസിൽ വിവരം അറിയിച്ചത്. ഇതിനുസരിച്ചു സ്ഥലത്തെത്തിയ തിരുനെല്ലി എഎസ്ഐയെയും പോലീസുകാരനെയും നാട്ടുകാർ കുറച്ചുനേരം തടഞ്ഞുവച്ചു.
സ്ഥലത്തെത്താൻ വൈകിയതിലും ചന്ദ്രിക നേരത്തേ നൽകിയ പരാതിയിൽ അശോകനെതിരെ ഗൗരവമുള്ള വകുപ്പുകൾ ചേർത്തു കേസെടുക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ രോഷപ്രകടനം. ഇതുമായി ബന്ധപ്പെട്ടാണ് 18 പേർക്കെതിരെ കേസ്. രാത്രി വൈകി എആർ ക്യാന്പ് ഡിവൈഎസ്പിയും പുൽപ്പള്ളി സിഐയും സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷമാണ് സ്റ്റേഷനിലേക്ക് മാറ്റിയത്. കൃത്യം നടന്ന സ്ഥലത്തു വിരലടയാള വിദഗ്ധർ ഇന്നലെ പരിശോധന നടത്തി.
അശോകനും ചന്ദ്രികയും നാലുവർഷമായി അകന്നാണ് കഴിയുന്നത്. മദ്യപിച്ചെത്തുന്ന അശോകൻ ദേഹോപദ്രവം ഏൽപ്പിക്കുന്നതു പതിവായപ്പോഴാണ് ചന്ദ്രിക തോൽപ്പെട്ടിയിലെ വീട്ടിലേക്കു താമസം മാറിയത്. കഴിഞ്ഞമാസം അശോകൻ വീട്ടിലെത്തി ചന്ദ്രികയെ അപായപ്പെടുത്താൻ ശ്രമിക്കുകയും കുട്ടികളെ മർദിക്കുകയുമുണ്ടായി. അന്നു നാട്ടുകാർ അശോകനെ പോലീസിൽ ഏൽപ്പിച്ചെങ്കിലും നിസാര കുറ്റത്തിനു കേസെടുത്ത് ജാമ്യത്തിൽ വിടുകയായിരുന്നു.
16 വർഷം മുന്പായിരുന്നു അശോകനും ചന്ദ്രികയുമായുള്ള വിവാഹം.ഞായറാഴ്ച രാത്രി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ചന്ദ്രികയുടെ മൃതദേഹം ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രാത്രി എട്ടോടെയായിരുന്നു സംസ്കാരം. നീതു, നിത്യ എന്നിവരാണ് മക്കൾ.