രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ പരേഡ് ഗ്രൗണ്ടിൽ പതറാത്ത ചുവടുകളോടെ മാർച്ച് ചെയ്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു മുന്നിലെത്തി അഭിവാദ്യമർപ്പിച്ച് കടന്നുപോയ ആ നിമിഷം ചന്ദ്രികയുടെ മനസിൽ മധുവിന്റെ ഓർമകൾ നിറഞ്ഞുതുളുന്പിയിരിക്കും.
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മുക്കാലിക്കടുത്തുള്ള കടുകുമണ്ണ ആദിവാസി ഉൗരിലെ ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രിക ഇന്ന് രാവിലെ പാസിംഗ് ഒൗട്ട് പരേഡ് കഴിഞ്ഞ് കേരളപോലീസിന്റെ ഭാഗമായപ്പോൾ അത് അഭിമാനത്തിന്റെ നൊന്പര നിമിഷങ്ങളാണ് പരേഡ്ഗ്രൗണ്ടിന് സമ്മാനിച്ചത്.
2018 ഫെബ്രുവരി 23ന് അഗളി ഗവ.ആശുപത്രി മോർച്ചറിയിൽ മധുവിന്റെ തണുത്തുവെറുങ്ങലിച്ച ശരീരം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകാൻ കഴിയാതെ കിടക്കുന്പോൾ അകലെയല്ലാതെ കില സെന്ററിൽ പോലീസ് ട്രെയിനിക്കുള്ള അഭിമുഖത്തിന് കാത്തുനിന്നിരുന്ന ചന്ദ്രികയുടെ മുഖത്തെ നിശ്ചയദാർഢ്യം ഇന്ന് കേരള പോലീസ് ചീഫിൽ നിന്ന് സെല്യൂട്ട് സ്വീകരിക്കുന്പോഴും ദൃശ്യമായിരുന്നു.
ആദിവാസി മേഖലയിൽ നിന്നും പ്രത്യേക നിയമനം വഴി കേരള പോലീസ് സേനയുടെ ഭാഗമായ 74 പോലീസ് കോണ്സ്റ്റബിൾമാരിൽ ഒരാളാണ് മധുവിന്റെ പ്രിയസഹോദരി ചന്ദ്രിക. അട്ടപ്പാടിയിലെ മധുവിന്റെ ഉൗരിന്റെ മുഴുവൻ പ്രാർത്ഥനയും ആശീർവാദങ്ങളും ഏറ്റുവാങ്ങിയാണ് ഇന്ന് രാവിലെ ചന്ദ്രിക പരേഡിനുള്ള ബൂട്ട് കെട്ടിയത്.
ഗ്രൗണ്ടിലേക്ക് കാൽവെച്ചു കയറുന്പോൾ മനസിൽ മധുവിനെ പ്രാർത്ഥിച്ചു. അകലെയകലെയിരുന്ന് സഹോദരൻ എല്ലാം കണ്ട് സന്തോഷത്തോടെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് ചന്ദ്രിക മനസിൽ പറഞ്ഞുറപ്പിച്ചു. മനസിലെ വിഷമങ്ങളും നൊന്പരങ്ങളും വേദനകളും യൂണിഫോം അണിഞ്ഞുകഴിഞ്ഞാൽ പിന്നെ പുറത്തുകാണിക്കരുതെന്ന പരിശീലനകാലത്ത് പഠിച്ചെടുത്തത് ചന്ദ്രിക ഓർമിച്ചു. അതോടെ നൊന്പരങ്ങൾക്ക് അവധികൊടുത്ത് പരേഡിന് സജ്ജമായി. പിന്നെ പിഴവില്ലാത്ത പരേഡ്.
അമ്മ മല്ലിയടക്കമുള്ളവർ മകളുടെ പരേഡ് കാണാൻ രാമവർമപുരത്തെത്തിയിരുന്നു. കാക്കിയൂണിഫോമണിഞ്ഞെത്തിയ മകളെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ നൽകുന്പോൾ മകളുടെ നേട്ടത്തിൽ അഭിമാനവും അതു കാണാൻ ഇല്ലാതെപോയ മകന്റെ വിയോഗത്തിൽ തീരാവേദനും മല്ലിക്കുണ്ടായിരുന്നു.
പോലീസിലേക്കുള്ള നിയമന ഉത്തരവ് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് ചന്ദ്രിക ഏറ്റുവാങ്ങിയത്. അന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ചന്ദ്രികയെയല്ല ഇന്നു പരേഡ് ഗ്രൗണ്ടിൽ കണ്ടത്. കഠിനമായ പരിശീലനങ്ങളേക്കാൾ കഠിനവും ക്രൂരവുമായ ജീവിതാനുഭവങ്ങൾ കടന്നെത്തിയ ചന്ദ്രികയുടെ മുഖത്ത് ആരുടെ മുന്നിലും തലകുനിക്കില്ലെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു. ചന്ദ്രികയുടെ ഉൗരിലെ നിരവധി പേർ ഇന്ന് രാമവർമപുരത്തെത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവൾ പോലീസുകാരിയായി വരുന്നത് കാണാൻ.
മധുവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയത് രണ്ട് ട്രാവലറുകളിൽ
അട്ടപ്പാടി അഗളിയിൽ നിന്ന് ഇന്നുപുലർച്ചെ രണ്ടു ട്രാവലറുകളിലായാണ് ചന്ദ്രികയുടെ അമ്മയും അമ്മാവൻമാരുടെ ചെറിയച്ഛൻമാരും അവരുടെ കുടുംബാംഗങ്ങളും ഉൗരിലുള്ളവരും തൃശൂരിലേക്ക് പുറപ്പെട്ടത്. രാവിലെ ആറുമണിയോടെ അവർ രാമവർമപുരത്തെത്തി.
എന്നാൽ അപ്പോൾ അവർക്ക് ചന്ദ്രികയെ കാണാൻ കഴിഞ്ഞില്ല. പിന്നീട് പരേഡ് ഗ്രൗണ്ടിൽ സേനാംഗങ്ങൾ പാസിംഗ് ഒൗട്ടിനായി അണിനിരന്നപ്പോഴാണ് പോലീസ് യൂണിഫോമിൽ ചന്ദ്രികയെ അവർ കണ്ടത്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞെന്ന് അമ്മ മല്ലിയും വീട്ടുകാരും പറഞ്ഞു. പരേഡ് തുടങ്ങിയപ്പോൾ അമ്മ പ്രാർത്ഥനയിലായി. ചുവടുകൾ പിഴക്കല്ലേയെന്ന് കുലദൈവമായ മല്ലീശ്വരനെ വിളിച്ച് പ്രാർത്ഥിച്ചു.
ഇന്നലെ അഗളിയിൽ ക്ഷേത്രത്തിൽ പോയി മകൾക്ക് നല്ലതുവരാൻ പ്രാർത്ഥനകളും പൂജകളും വഴിപാടുമൊക്കെ കഴിപ്പിച്ചാണ് ചന്ദ്രികയുടെ അമ്മ തൃശൂരിലേക്ക് വണ്ടികയറിയത്. എന്താ പറയേണ്ടത് എന്നറിയില്ല..സന്തോഷം മാത്രം. മകളുടെ ഈ നേട്ടത്തിൽ നിറയെ സന്തോഷം..എല്ലാം കാണാൻ അവൻ ഇല്ലാത്തത് മാത്രം സഹിക്കുന്നില്ല… എന്നും പറഞ്ഞ് മല്ലി വിതുന്പി.
ഇന്നു വല്ലാത്ത പേടിയായിരുന്നു: ചന്ദ്രിക
ഇന്നെന്താണെന്നറിയില്ല പരേഡിനിറങ്ങുന്പോൾ മനസിൽ വല്ലാത്ത പേടിയായിരുന്നു. ഇന്നേവരെ ഇല്ലാത്ത ഒരു ആശങ്കയും പേടിയും. ചുവടുകൾ പിഴയ്ക്കുമോ തെറ്റുകൾ സംഭവിക്കുമോ എന്നൊക്കെയുള്ള പേടി. മല്ലീശ്വരനെ മനസിൽ വിളിച്ച് പ്രാർത്ഥിച്ചു. പിന്നെ ഏട്ടനേയും. ബൂട്ട് കെട്ടി റൈഫിളുമായി പരേഡ് ഗ്രൗണ്ടിലേക്ക് കടന്നപ്പോൾ മനസിനെവിടെ നിന്നോ ധൈര്യം കിട്ടി. ഒന്നും പിഴക്കില്ലെന്നും നീ തിളങ്ങുമെന്നും ഒരു ചുവടും തെറ്റില്ലെന്നും എല്ലാം നന്നാകുമെന്നും എവിടെയോ ഇരുന്ന് ഏട്ടൻ പറയും പോലെ.
അതൊരു ധൈര്യമായിരുന്നു. പിഴയ്ക്കാടെ ചുവടുകൾ വെച്ച് പരേഡ് പൂർത്തിയാക്കുന്പോൾ ഏട്ടൻ സന്തോഷിച്ചിരിക്കും പാസിംഗ് ഒൗട്ട് പരേഡ് കഴിഞ്ഞ് ഏവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ശേഷം ചന്ദ്രിക പറഞ്ഞു.
വീട്ടുകാരുടെ കയ്യിൽ കൊടുത്തുവിടാനുള്ള സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെ ചന്ദ്രിക രാഷ്ട്രദീപികയോട് മനസുതുറന്നു. എന്റെ സമൂഹത്തിലെ ആളുകൾക്ക് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ഞങ്ങളുടെ സമൂഹത്തിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലണം. എല്ലാ കാര്യങ്ങളേയും കുറിച്ച് അവരെ പറഞ്ഞു മനസിലാക്കണം.
അവരെ മറ്റുള്ളവരെപോലെ തന്നെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരണം. പാവപ്പെട്ടവരുടേയും അശരണരുടേയും പ്രശനങ്ങൾ പരിഹരിക്കാൻ ശ്രമിക്കും തന്റെ സ്വപ്നങ്ങൾ ചന്ദ്രിക പങ്കിട്ടു. മദർ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കണമെന്നതിനാൽ അഗളി പോലീസ് സ്റ്റേഷനിലായിരിക്കും ആദ്യം ചുമതലയേൽക്കുകയെന്ന് ചന്ദ്രിക സൂചിപ്പിച്ചു.
വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടേയുമൊക്കെ പ്രാർത്ഥനയും സ്നേഹവുമാണ് ഇന്നത്തെ ഈ നിലയിലെത്താൻ കാരണമായതെന്ന് ചന്ദ്രിക പറഞ്ഞു. യൂണിഫോമിട്ട് തന്നെ നേരത്തെയും അമ്മ കണ്ടിട്ടുണ്ടെങ്കിലും ഇന്ന് പരേഡ്ഗ്രൗണ്ടിൽ കണ്ടപ്പോൾ വല്ലാത്ത അഭിമാനവും സന്തോഷവും സ്നേഹവും തോന്നിയെന്ന് അമ്മ പറഞ്ഞതായി ചന്ദ്രിക ചെറുചിരിയോടെ പറഞ്ഞു.
വീട്ടുകാർ ഇന്നുതന്നെ അഗളിയിലേക്ക് മടങ്ങും. നാളെ ചന്ദ്രികയും. കളിച്ചുവളർന്ന നാട്ടിലേക്ക്…കളിക്കൂട്ടുകാരുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും ഇടയിലേക്ക് നാളെ രാവിലെ ചന്ദ്രിക യാത്രതിരിക്കും. ഉൗരിലെ മല്ലിയുടെ മകൾ ചന്ദ്രികയായിട്ടല്ല. കേരള പോലീസിലെ സിപിഒ ചന്ദ്രികയായിട്ട്.കൂടുതൽ ഉത്തരവാദിത്വങ്ങളോടെ. ചുമതലകളോടെ.