മങ്കൊന്പ്: ലോക വിഡ്ഢി ദിനമായ ഏപ്രിൽ ഒന്നിന് ഗതാഗത മന്ത്രിയായി സ്ഥാനമേറ്റ തോമസ് ചാണ്ടി കൃത്യം ഏഴരമാസത്തെ ഭരണത്തിനുശേഷം കസേരയിൽ നിന്നിറങ്ങുന്നത് നാണക്കേടുമായി. അധികാരത്തിലേറിയ കാലത്തെല്ലാം വിവാദങ്ങളും മന്ത്രിയെ പിൻതുടർന്നിരുന്നു. എൻസിപിയുടെ മറ്റൊരു എംഎൽഎ യായ എ.കെ. ശശീന്ദ്രൻ വിവാദങ്ങളെത്തുടർന്ന് രാജിവയ്ക്കേണ്ടി വന്ന ഒഴിവിലാണ് ചാണ്ടി മന്ത്രിയായയത്.
പിന്നീട് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ടും മന്ത്രിക്കെതിരേ വിവാദങ്ങളുയർന്നിരുന്നു. തുടർന്നുണ്ടായ ഭൂമിവിവാദവും, കളക്റുടെ റിപ്പോർട്ടും മന്ത്രിയുടെ രാജിക്കായി മുറവിളിയുയർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റിപ്പോർട്ടിനെതിരേ മന്ത്രി കോടതിയെ സമീപിച്ചതിനെത്തുടർന്നുണ്ടായ രൂക്ഷ വിമർശനങ്ങളാണ് രാജി അനിവാര്യമാക്കിത്തീർത്തത്. പ്രതിപക്ഷത്തെക്കൂടാതെ ആദ്യഘട്ടത്തിൽ സ്വന്തം പാർട്ടിയിൽ നിന്നു പിന്നീട് മുന്നണിയിൽ നിന്നുതന്നെ രാജിക്കായി ആവശ്യമുയർന്നുവന്നു.
രാജിവയ്ക്കില്ലന്ന കടുത്ത നിലപാടും, ജനജാഗ്രാതാ യാത്രയിലെ വിവാദ പരാമർശങ്ങളും അടുപ്പമുള്ളവർ പോലും തോമസ് ചാണ്ടിയെ തള്ളിപ്പറയുന്നതിനിടയാക്കി. കുട്ടനാട്ടിൽ നിന്നുള്ള തുടർച്ചയായ മൂന്നു തവണത്തെ വിജയങ്ങൾക്കുശേഷമായിരുന്നു ഇത്തവണത്തെ മന്ത്രിപദവി ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുൻപും മന്ത്രി സ്ഥാനം സംബന്ധിച്ചുള്ള തോമസ് ചാണ്ടിയുടെ പ്രസ്താവനകൾ വിവാദമായിരുന്നു. അടുത്ത സർക്കാരിലെ ജലവിഭ മന്ത്രിസ്ഥാനം ചോദിച്ചുവാങ്ങുമെന്നും, മന്ത്രിയായില്ലെങ്കിലും വകുപ്പ് കൈകാര്യം ചെയ്യുന്നത് താനായിരിക്കുമെന്നുമുള്ള പ്രഖ്യാപനവും തോമസ് ചാണ്ടി നടത്തിയിരുന്നു.