സ്വന്തം ലേഖകൻ
കണ്ണൂർ: ഇരിക്കൂറിലേക്ക് മത്സരിക്കാൻ ചാണ്ടി ഉമ്മനെയും യുഡിഎഫ് പരിഗണിക്കുന്നു. യുഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ഇരിക്കൂർ.തുടർച്ചയായി എട്ടുതവണ കെ.സി. ജോസഫ് മത്സരിച്ച് ജയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇക്കുറി മത്സരത്തിനില്ലെന്ന് കെ.സി.ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഉമ്മൻ ചാണ്ടിയെ പോലൊരാളുടെ മകന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ സുരക്ഷിത മണ്ഡലം നല്കണമന്നതിനാല് കൊടുക്കാവുന്ന മണ്ഡലങ്ങളുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തയാറാക്കിയിരുന്നു. ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളായി ചാണ്ടി ഉമ്മന്‍ പറ്റിയ നിലയില്‍ ചങ്ങനാശേരിയും ഇരിക്കൂറുമാണ് കണ്ടെത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനും എ ഗ്രൂപ്പിന്റെ മുഖ്യനേതാവും കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി ഉപനേതാവുമായ കെ.സി. ജോസഫ് ഇരിക്കൂറില്‍ യുവാക്കള്‍ക്ക് വേണ്ടി വഴിമാറുന്നു എന്ന് പ്രഖ്യാപിച്ചത് ചാണ്ടി ഉമ്മന്‍ വേണ്ടിയെന്നാണ് സൂചന.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി ഒന്നുമുതൽ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവമാകുന്നുണ്ട്. വോട്ട് ചേർക്കൽ കാന്പയിനാണ് ഇരിക്കൂറിൽ തുടക്കമിടുന്നത്. മണ്ഡലത്തിൽ കോൺഗ്രസിന്റെ പരമാവധി വോട്ടുകൾ ചേർക്കുന്ന പരിപാടിയാണ് ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ നടക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ചാണ്ടി ഉമ്മന്‍ തള്ളിക്കളയുന്നില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്നും വിമുഖത പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുവാക്കള്ക്കായിരിക്കം ഇത്തവണ 70 ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചാണ്ടി ഉമ്മൻ ഇരിക്കൂറിൽ മത്സരിക്കുന്നതിനെതിരേ യുഡിഎഫ് കണ്ണൂർ നേതൃത്വത്തിൽ പ്രതിഷേധം വ്യാപകമാണ്.നിലവിൽ കെസിക്ക് പകരം കെപിസിസി ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫിന്റെയും സോണി സെബാസ്റ്റ്യന്റെയും യുഡിഎഫ് ചെയർമാൻ പി.ടി. മാത്യുവിന്റെയും പേരാണ് യുഡിഎഫ് കണ്ണൂർ നേതൃത്വത്തിന്റെ പ്രഥമ പരിഗണനയിൽ ഉള്ളത്.