തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്തു വരാനിരിക്കെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ വൻവിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ.
ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് 39 ശതമാനം വോട്ടായിരിക്കും ലഭിക്കുകയെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു.
ചാണ്ടി ഉമ്മൻ 14 ശതമാനം അധികം വോട്ട് നേടി വിജയിക്കുമെന്നാണ് പ്രവചനം. ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നും സർവേ പ്രവചിക്കുന്നു. മറ്റുള്ളവർക്ക് മൂന്ന് ശതമാനം വോട്ടാണ് പ്രവചനം.
പുതുപ്പള്ളി ഉപതെഞ്ഞെടുപ്പിൽ 1,28,624 വോട്ടാണ് പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ കണക്ക് അനുസരിച്ച് യുഡിഎഫിന് 69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ സർവേ ഫലം വ്യക്തമാക്കുന്നത്.
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 18,000 ല്‍ അധികമാകാനാണ് സാധ്യതയെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു.
പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തുവെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനം പേരാണ് ജെയ്ക്.സി.തോമസിന് വോട്ട് ചെയ്തിരിക്കുന്നതെന്നും സർവേ പറയുന്നു.
സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേര് ചാണ്ടിയെ പിന്തുണച്ചപ്പോള്‍ 37 ശതമാനത്തിന്റെ പിന്തുണയാണ് ജെയ്കിന് ലഭിച്ചിരിക്കുന്നതെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.