പുതുപ്പളളി: യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നു രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ഥനകള്‍ക്കു ശേഷം പാമ്പാടിയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍നിന്ന് റോഡ് ഷോയായാണ് പള്ളിക്കത്തോട്ടിലേക്കു പത്രികാസമര്‍പ്പണത്തിനു പോയത്.
പള്ളിക്കത്തോട് മന്ദിരം ജംഗ്ഷനിലുള്ള പാമ്പാടി ബിഡിഒ ഓഫീസില്‍ ബിഡിഒയ്ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പാമ്പാടിയില്‍നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ കയറിയ ചാണ്ടി ഉമ്മനെ പിന്നാലെ നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും അണിനിരന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ.സി.ജോസഫ്, മോന്‍സ് ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പത്രികാസമര്‍പ്പണത്തിനു ശേഷം അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തി.
ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാൽ പത്രിക നല്കി
പുതുപ്പള്ളി: ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ലാലും പത്രിക സമര്‍പ്പിച്ചു. പാമ്പാടിയില്‍നിന്നു വാഹനജാഥയായി പള്ളിക്കത്തോട്ടിലെത്തി ബിഡിഒ ഓഫീസില്‍ ബിഡിഒയ്ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
എന്‍ഡിഎ നേതാക്കളായ ഡോ. രാധാമോഹന്‍ അഗര്‍വാള്‍, കേന്ദ്രമന്ത്രി വി. മുരളീധരന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, അനില്‍ കെ. ആന്റണി, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്, ബിഡിജെഎസ് നേതാവ് എം.ജി. തങ്കപ്പന്, എന്‍കെസി നേതാവ് ജയിംസ് കുന്നപ്പള്ളി, എസ്ജെഡി നേതാവ് വി.വി. രാജേന്ദ്രന്, എല്‍ജെപി നേതാവ് രമാ ജോര്‍ജ്, രാജന് എരുമേലി, നിയാസ് വൈദ്യരംഗം, കെ. ജനീഷ്, ജോര്‍ജ് കുര്യന് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.