ജെവിന്‍ കോട്ടൂര്‍
പുതുപ്പള്ളി: അരനൂറ്റാണ്ട് കാലം ഉമ്മന്ചാണ്ടിക്കപ്പുറം മറ്റൊരുപേരും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത പുതുപ്പള്ളി മണ്ഡലത്തിന്റെ മുക്കുംമൂലയും കൈവെള്ളപോലെ അറിയാമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി മകന് ചാണ്ടി ഉമ്മന്‍ ഇനി പുതുപ്പള്ളിയുടെ ജനനായകന്.
ഉമ്മന്‍ ചാണ്ടിയുടെ മകന് എന്ന വിലാസം ചാണ്ടി ഉമ്മനു വലിയ നേട്ടം നല്‍കുന്നതോടൊപ്പം രാഷ്ട്രീയത്തില്‍ ചാണ്ടി സ്വന്തമായി കണ്ടെത്തിയ തന്റേതായ ഇടവും ഇനി ശ്രദ്ധിക്കപ്പെടും.
തെരഞ്ഞെടുപ്പു രംഗത്ത് പുതുമുഖമായിരുന്നെങ്കിലും പൊതുപ്രവര്‍ത്തനത്തില്‍ നേരത്തേ തന്നെ സജീവ സാന്നിധ്യമറിച്ചയാളായിരുന്നു ചാണ്ടി. കോളജ് യൂണിയന്, എന്എസ്യു ഭാരവാഹിത്വങ്ങളുള്പ്പെടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പലചുമതലകള് വഹിച്ചു.
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നഗ്നപാദനായി രാജ്യത്തിനുനെടുകെ നടന്ന 4000 കിലോമീറ്റര്‍ ഒട്ടും ചെറുതല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഈ മുപ്പത്തേഴുകാരനു പെരുമാറ്റത്തിലെ സൗമ്യതയും സാധാരണക്കാരോടു ചേര്‍ന്നുനില്‍ക്കുന്ന ലാളിത്യവും കൂട്ടുണ്ട്. മിന്നും വിജയത്തിന്റെ അടിസ്ഥാന കാരണങ്ങളും ഇതാണ്.
പ്രചാരണരംഗത്ത് വോട്ടര്മാര്ക്കിടയിലെത്തിയ ചാണ്ടി ഉമ്മനോട് ഉമ്മന്‍ ചാണ്ടിയോടെന്ന പോലെ തന്നെയായിരുന്നു എല്ലാവരും പെരുമാറിയതും സംസാരിച്ചതും. ഉമ്മന്‍ ചാണ്ടിയുടെ അതേ നടപ്പും അതേ വേഗവും അതേ പെരുമാറ്റവും ചാണ്ടി ഉമ്മനെ മറ്റൊരു ഉമ്മന്‍ ചാണ്ടിയാക്കി മാറ്റി.
ചാണ്ടി ഉമ്മന്റെ വിജയം തങ്ങളുടേതു കൂടിയാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ജനസമൂഹത്തെയാണ് കാണാന്‍ കഴിഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ ആശീര്‍വാദം ഏറ്റുവാങ്ങിയവരൊക്കെ മകനായും സഹോദരനായും കണ്ട് അനുഗ്രഹിക്കുന്നു. ഉമ്മവച്ചും കെട്ടിപ്പിടിച്ചും കരംഗ്രഹിച്ചും ഉമ്മന്‍ചാണ്ടി ഹൃദയത്തിലുണ്ടെന്ന് ഓര്മിപ്പിക്കുന്നവണ്ണമുള്ള ആഘോഷങ്ങളുമായിട്ടാണു പുതുപ്പള്ളിയിലെ ജനം ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ മകനെന്നത് മാത്രമാണ് ചാണ്ടിയുടെ യോഗ്യതയെന്ന് എതിരാളികള്‍ ആക്ഷേപിക്കുമ്പോള്‍ അങ്ങനെയല്ലെന്ന് കാട്ടിക്കൊടുക്കുകയാണ് കെഎസ്യുവിലൂടെ തുടങ്ങിയ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തന പാരമ്പര്യമുള്ള നാടുമായും നാട്ടുകാരുമായി ആത്മബന്ധമുള്ള ചാണ്ടി ഉമ്മന്റെ വിജയം.