ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: മംഗലംഡാമിന്റെ മറുകരയായ അട്ടവാടിയിലെ താമസക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ വെള്ളം നിറഞ്ഞുകിടക്കുന്ന റിസർവോയറിലൂടെ പ്രാണൻ അടക്കിപ്പിടിച്ചുള്ള ചങ്ങാടയാത്ര താണ്ടണം.യാത്രയ്ക്കിടെ കാറ്റും കോളും വന്നാൽ പിന്നെ ശ്വാസംവിടാൻപോലും ഇവർ ഭയക്കും.
രാവിലെയും വൈകുന്നേരവുമുള്ള സ്കൂൾ കുട്ടികളുടെ ചങ്ങാടയാത്രയാണ് ഏറെ ഭീതിജനകം. ഇവിടത്തുകാർക്ക് അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും ഡാം നിറഞ്ഞ് തുളുന്പിനില്ക്കുന്ന മാസങ്ങളിലെ ചങ്ങാടയാത്രയ്ക്ക് കുറച്ചു മനോധൈര്യം വേണം. നീന്തലറിയാത്തവരാണെങ്കിൽ ആധിയേറും.
എന്നാൽ നീന്തൽ അറിയാത്തവർ ഇവിടെ താമസക്കാരായുണ്ടാകില്ല. ചെറിയ കൂട്ടികൾവരെ നീന്തൽ പഠിച്ചിരിക്കും. രക്ഷിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധിക്കും. പൊൻകണ്ടം കരഭാഗത്തെ പത്തോളം കടവുകളിൽനിന്നാണ് അട്ടവാടിക്കാർ വീടുകളിലെത്തുക. മുളകൾ കൂട്ടികെട്ടിയോ മരപലകൾകൊണ്ടോ ആണ് ചങ്ങാടം നിർമിക്കുന്നത്.
ഒഴിഞ്ഞ വലിയ പ്ലാസ്റ്റിക് കന്നാസുകൾ വെള്ളം കടക്കാത്തവിധം അടച്ച് പലകകൾക്കിടയിൽ കെട്ടിയും ചങ്ങാടം ഉണ്ടാക്കുന്നവരുണ്ട്.രണ്ടുകരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കയർകെട്ടും. ഈ കയർപിടിച്ചു വലിച്ചാണ് ചങ്ങാടത്തെ മുന്നോട്ടുനീക്കുക. കാറ്റുള്ള സമയങ്ങളിൽ അതീവശ്രദ്ധയും കരുതലുംവേണം. ചിലപ്പോഴൊക്കെ കാറ്റിൽ ചങ്ങാടം മറ്റൊരു ദിശയിലേക്ക് തെന്നിപോകുമെന്ന് ചങ്ങാടയാത്രക്കാരനായ പൊൻകണ്ടം തന്പുരാട്ടിപാറ നടുവിലേക്കുറ്റ് റെജി പറഞ്ഞു.
മംഗലംഡാമിൽ പെരുകിവരുന്ന നീർനായ്ക്കൂട്ടങ്ങളെയാണ് ഇവർക്ക് പേടി. ഇരുപതും മുപ്പതും എണ്ണംവരുന്ന നീർനായ് കൂട്ടങ്ങൾ ഡാമിലുണ്ട്.തെരുവുനായ്ക്കളെപോലെ ചീറ്റിവരുന്ന ഇവയുടെ ആക്രമണം ഉണ്ടായിട്ടില്ലെങ്കിലും പെരുകി കൂടുന്നത് പിന്നീട് ദോഷകരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഡാമിൽ മത്സ്യംവളർത്തൽ പദ്ധതിയുള്ളതിനാൽ മത്സ്യങ്ങളെ മുഴുവൻ നീർനായ്ക്കൾ തിന്നുതീർക്കുകയാണ്. ഇവയുടെ ഭക്ഷണം തന്നെ മത്സ്യം മാത്രമാണ്.മത്സ്യബന്ധന വലകൾ കടിച്ചുമുറിച്ചും ലക്ഷങ്ങളുടെ നഷ്ടം ഇവ വരുത്തിവയ്ക്കുന്നതായി ഡാമിൽ മത്സ്യം വളർത്തുന്നതിനു നേതൃത്വം നല്കുന്ന ഫിഷറീസ് സഹകരണസംഘം പ്രസിഡന്റ് ചന്ദ്രൻ പറഞ്ഞു.
റിസർവോയറിലൂടെ ചങ്ങാടത്തിലോ തോണിയിലോ ഉള്ള യാത്ര ഭീതിജനകമാണെങ്കിലും ഇതല്ലാതെ മറുകരയിൽനിന്നും ഡാമിലെത്താൻ മറ്റു എളുപ്പമാർഗമൊന്നുമില്ല. കിലോമീറ്ററുകൾ ഏറെ വളഞ്ഞ് താത്കാലിക വഴിയുണ്ടെങ്കിലും കാൽനട മാത്രമാണ് ആശ്രയം. അത്യാസന്നഘട്ടങ്ങളിലും അത്യാവശ്യങ്ങൾക്കും ചങ്ങാടയാത്ര തന്നെ വേണം.