ചങ്ങരംകുളം: എടപ്പാൾ, ചങ്ങരംകുളം മേഖലയിൽ ലഹരിമാഫിയ പിടിമുറുക്കുന്നു. മേഖലയിൽ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വിൽപന വ്യാപകമായി നടക്കുന്നതായി പരാതികൾ ഉയർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നു നടപടികൾ ഉണ്ടാകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിൽ ചങ്ങരംകുളം പോലീസ് സ്റ്റേഷനു സമീപത്ത് മാന്തടത്ത് സോഡ കഴിക്കാൻ നിർത്തിയിട്ട പോലീസ് വാഹനം കണ്ടു ഓടി കിണറ്റിൽ വീണ സംഘം പ്രദേശത്ത് ലഹരി വിൽപന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് നാട്ടുകാരുടെ ആരോപണം.
മാന്തടം സെന്ററിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സിനിമാ കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാത്രി പത്തു മണിയോടെയാണ് പട്രോളിങിനിറങ്ങിയ ചങ്ങരംകുളം പോലീസ് മാന്തടം സെന്ററിൽ സോഡ കഴിക്കാൻ വാഹനം നിർത്തിയത്.
ഇതിനിടെ റോഡരികിൽ നിന്നിരുന്ന പന്താവൂർ, വട്ടംകുളം, കോഴിക്കോട് സ്വദേശികളായ യുവാക്കൾ പോലീസിനെ കണ്ടതോടെ റോഡിനോട് ചേർന്നു കിടക്കുന്ന പറന്പിലേക്ക് ഓടി മറഞ്ഞു.
പറന്പിൽ ആൾമറയില്ലാത്ത കിണറ്റിൽ ഒന്നിനു പിറകെ ഒന്നായി വട്ടംകുളം പന്താവൂർ സ്വദേശികളായ യുവാക്കൾ വീണു. യുവാക്കൾ ഓടിയതും രണ്ടു പേർ കിണറ്റിൽ വീണതും അറിയാതെ സോഡയും കഴിച്ച് പോലീസ് വാഹനം തിരിച്ച് പോവുകയും ചെയ്തു.
ഇതിനിടെ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദവും നിലവിളികളും കേട്ട നാട്ടുകാർ ഓടിക്കൂടി പരിശോധനയിൽ .രണ്ടു യുവാക്കൾ കിണറ്റിൽ വീണു അലമുറയിടുന്നത് കണ്ടു നാട്ടുകാരും ഞെട്ടി. ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് കയർ സംഘടിപ്പിച്ച് കിണറ്റലിട്ടു കൊടുത്ത് രണ്ടു പേരെയും കരയക്കു കയറ്റി.
26 അടിയോളം വരുന്ന വെള്ളം വറ്റി തുടങ്ങിയ കിണറ്റിൽ രണ്ടു പേർ വീണിട്ടും ഒരു പോറൽ പോലും ഏറ്റില്ല. ഇതിനിടെ സംഭവമറിഞ്ഞ് ചങ്ങരംകുളം പോലീസ് വീണ്ടും സ്ഥലത്തെത്തി.
കിണറ്റിൽ നിന്നു കയറ്റിയ ഉടനെ കിണറ്റിൽ വീണ വട്ടംകുളം സ്വദേശിയായ യുവാവ് വീണ്ടും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നു പന്താവൂർ സ്വദേശിയായ യുവാവിനെയും കൂടെയുണ്ടായിരുന്ന മാന്തടത്ത് ജോലിക്ക് വന്ന് താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ മറ്റൊരു യുവാവിനെയും നാട്ടുകാർ ചേർന്ന് പോലീസിന് കൈമാറുകയായിരുന്നു.
പ്രദേശത്ത് ലഹരി വിൽപന വ്യാപകമായി നടക്കുന്നതായും സംഭവത്തിൽ ഉൾപ്പെട്ടവരാണ് പോലീസിനെ കണ്ടു ഓടിയതെന്നുമാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പോലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യമായ സൂചനകൾ ഒന്നും പോലീസിന് ലഭിച്ചില്ല.