ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂർ റോഡിൽ വലിയകുളം ജംഗ്ഷനു സമീപം ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് മരിച്ച മൂന്നുപേരുടെയും സംസ്കാരം ഇന്നു നടക്കും.
ചങ്ങനാശേരി എസ്ബി ഹൈസ്കൂളിനു സമീപം കുട്ടംപേരൂർ ചക്കാലക്കൽ വീട്ടിൽ ജോണിയുടെ മകൻ ജെറി ജോണി (20), മലകുന്നം കുറിഞ്ഞിപ്പറന്പിൽ വർഗീസ് മത്തായി (ജോസ്-69), ഇദ്ദേഹത്തിന്റെ മരുമകൻ പറാൽ പുതുച്ചിറ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്.
ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഇന്നു രാവിലെ ചങ്ങനാശേരി പോലീസിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂവരുടെയും കോവിഡ് പരിശോധാ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ജെറിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് പാറേൽ സെന്റ് മേരീസ് പള്ളിയിലും വർഗീസ് മത്തായിയുടേയും ജിന്റോയുടെയും സംസ്കാരം ഇന്ന് മൂന്നിന് മലകുന്നം പൊടിപ്പാറ തിരുക്കുടുംബം പള്ളിയിലും നടക്കും.
ജെറിയുടെ പിതാവ് ഖത്തറിൽ ജോലിയിലുള്ള ജോണിയും മാതാവ് മറിയാമ്മയും മകന്റെ മരണവാർത്ത അറിഞ്ഞ് നാട്ടിൽ എത്തിച്ചേർന്നു. ജെറി കളമശേരി രാജഗിരി കോളജിലെ മൂന്നാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. ഏകസഹോദരൻ ജോയൽ (കോട്ടയം എസ്എച്ച് മൗണ്ട് സ്കൂൾ വിദ്യാർഥി).
വർഗീസ് മത്തായിയുടെ മകൾ ജോജിയുടെ ഭർത്താവാണ് മരിച്ച ജിന്റോ വർഗീസ്. വർഗീസ് മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ വിരാളശേരി കുടുംബാംഗം. മകൻ- ജോബി.
ചങ്ങനാശേരി നഗരത്തിൽ ദീർഘകാലമായി പഴവർഗ, പച്ചക്കറി വ്യാപാരിയായ പറാൽ സ്വദേശിയായ ജിന്റോയും കുടുംബവും വർഗീസ് മത്തായിയുടെ മലകുന്നത്തുള്ള വീടിനടുത്ത് വാടകയ്ക്കു താമസിക്കുകയാണ്. ഏകമകൻ തേജസ് ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
ശനിയാഴ്ച രാത്രി 9.30നാണ് മൂന്നുപേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ അപകടം സംഭവിച്ചത്. ജെറി ജോണിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത ചങ്ങനാശേരി വാരിക്കാട്ട് കെവിൻ ഫ്രാൻസിസ്(19)ഗുരുതര പരിക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലാണ്.
തെങ്ങണായ്ക്കു സമീപം പെരുന്പനച്ചിയിൽ വഴിവാണിഭം നടത്തുന്ന ജിന്റോയും വർഗീസ് മത്തായിയും കച്ചവടം കഴിഞ്ഞു സ്കൂട്ടറിൽ വരുന്പോൾ എതിർ ദിശയിൽ നിന്നും വന്ന കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പുതിയ കട തുറക്കാനിരിക്കെ മരണം തട്ടിയെടുത്തു
ചങ്ങനാശേരി: ജിന്റോ ജോസിന്റെ ജീവൻ പൊലിഞ്ഞത് കറുകച്ചാലിൽ പുതിയ ഫ്രൂട്ട്സ്റ്റാൾ അടുത്ത ദിവസം തുടങ്ങാനിരിക്കേ.കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി സുഹൃത്തുക്കളുമൊപ്പം ഇന്ന് തമിഴ്നാട്ടിലെ കന്പത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ജിന്റോ.
ദീർഘകാലമായി ജിന്റോ ചങ്ങനാശേരി നഗരത്തിൽ ഫ്രൂട്ട്സ്റ്റാൾ നടത്തി വരികയായിരുന്നു. സാന്പത്തിക ബുദ്ധിമുട്ടുകളും കോവിഡ് പ്രതിസന്ധികളും മൂലം ജിന്റോ ചങ്ങനാശേരിയിലെ കച്ചവടം നിർത്തിയിരുന്നു.
ഇതിനുശേഷമാണ് ജിന്റോ ഭാര്യാ പിതാവ് വർഗീസ് മത്തായിയുമായി ചേർന്ന് തെങ്ങണക്കു സമീപം പെരുന്പനച്ചിയിൽ റോഡരികിൽ ഫ്രൂട്ട് സ്റ്റാൾ ആരംഭിച്ചത്. കച്ചവടം പച്ചപിടിച്ചു വരുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
ജെറിയുടെ മരണം താങ്ങാനാവാതെ അവർ നാട്ടിലെത്തി
ചങ്ങനാശേരി: ജെറിയുടെ മരണം കുട്ടംപേരൂർ ചക്കാലക്കൽ കുടുംബത്തിനു താങ്ങാനായില്ല. മാതാപിതാക്കളായ ജോണിക്കും മറിയാമ്മക്കും മകന്റ വേർപാട് തീരാത്ത വേദനയായി.
ശനിയാഴ്ച രാത്രി ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് എസ്ബി ഹൈസ്കൂളിനു സമീപം കുട്ടംപേരൂർ ചക്കാലയ്ക്കൽ ജെറി ജോണി (20) മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്പോഴായിരുന്ന അപകടം.
ഖത്തറിൽ ജോലിയിലായ പിതാവ് ജോണിക്കും മാതാവ് മറിയാമ്മയ്ക്കും ഒപ്പമായിരുന്ന ജെറിൻ ഡിഗ്രി പഠനത്തിനാണ് നാട്ടിലെത്തിയത്.
കളമശേരി രാജഗിരി കോളജിൽ ഡിഗ്രി പഠനം പൂർത്തിയാകുന്നതിനിടെയാണ് ജെറിനെ വിധി കവർന്നെടുത്തത്. വിവരം അറിഞ്ഞ് ഇന്നലെ രാത്രിയോടെ ഖത്തറിൽ നിന്നും നാട്ടിലെത്തിയ ജോണിയേയും മറിയാമ്മയേയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.