ചങ്ങനാശേരി: ജലമാമാങ്കമായ നെഹ്റു ട്രോഫിയില്‍ മുത്തമിടാനൊരുങ്ങി അഞ്ചുവിളക്കിന്റെ നാട്. ഓഗസ്റ്റ് പത്തിനു പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ അരങ്ങേറുന്ന 70-ാമത് നെഹ്റുട്രോഫിയില്‍ മാറ്റുരയ്ക്കാനാണ് ചങ്ങനാശേരി ബോട്ട് ക്ലബിന്റെ (സിബിസി) പേരില്‍ തകൃതിയായ ഒരുക്കങ്ങള്‍ ആരംഭിച്ചത്.
ആയാപറമ്പ് എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള വലിയ ദിവാന്‍ജി എന്ന പ്രസിദ്ധമായ ചുണ്ടന്വള്ളത്തിലാണ് സിബിസി ജലമാമാങ്കത്തില്‍ കൈക്കരുത്ത് തെളിയിക്കുന്നത്.
സിബിസി ഭാരവാഹികള്‍ എന്‍എസ്എസ് കരയോഗവുമായി എഗ്രിമെന്റില്‍ ഒപ്പുവച്ചു. ചങ്ങനാശേരി റേഡിയോ മീഡിയാ വില്ലേജാണ് മുഖ്യസംഘാടകര്‍. ഇക്കഴിഞ്ഞ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ആലപ്പുഴ വില്ലേജ് ക്ലബ് തുഴഞ്ഞ വലിയദിവാന്‍ജി ട്രോഫി സ്വന്തമാക്കിയിരുന്നു.
101 തുഴച്ചില്‍ക്കാരെയും അഞ്ച് പങ്കായക്കാരെയും പത്ത് നിലക്കാരെയും ചുണ്ടന്‍വള്ളത്തില്‍ അണിനിരത്തും. ഇവര്‍ കിടങ്ങറ പള്ളി ഓഡിറ്റോറിയത്തില്‍ പത്തുദിവസം ക്യാമ്പ് ചെയ്ത് പുളിങ്കുന്ന് ആറ്റിൽ പരിശീലനം നടത്തും.
ജോബ് മൈക്കിള്‍ എംഎല്‍എ രക്ഷാധികാരിയും മുന്‍ പോലീസ് എഐജി ജേക്കബ് ജോബ് (പ്രസിഡന്റ്), വിനു ജോബ് (സെക്രട്ടറി), ആര്‍ട്ടിസ്റ്റ് ദാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സിബിസിക്ക് ചുക്കാന്‍ പിടിക്കുന്നത്.