ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.12ന് പുറപ്പെട്ടിരുന്ന മുരിക്കാശേരി ഫാസ്റ്റ് പാസഞ്ചർ ബസ് സര്‍വീസ് പുനരാരംഭിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തി യാത്രക്കാര്‍ രംഗത്ത്.
സര്‍വീസ് നടത്തിക്കൊള്ളാമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ആരംഭിച്ച ടേക്ക് ഓവര്‍ സര്‍വീസാണ് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം നിര്‍ത്തിവച്ചിരിക്കുന്നത്. 12000 മുതല്‍ 15000വരെ കളക്ഷന്ലഭിച്ചിരുന്ന സര്‍വീസായിരുന്നു ഇത്. കഴിഞ്ഞ ഏതാനും മാസങ്ങളായാണ് ഈ സര്‍വീസ് അപ്രഖ്യാപിതമായി നിര്‍ത്തിവച്ചിരിക്കുന്നത്.
കോവിഡ് കാലത്ത് നിര്‍ത്തിവച്ച ചങ്ങനാശേരി അമൃത സര്‍വീസ് പുനരാരംഭിക്കുമെന്ന് മന്ത്രി ഗണേഷ്കുമാര് പ്രഖ്യാപിച്ചെങ്കിലും പുനരാരംഭിച്ചിട്ടില്ല. രാവിലെ 6.20നുള്ള കട്ടപ്പന, 7.30നുള്ള മുണ്ടക്കയം, ഉച്ചയ്ക്ക് 12നുള്ള കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
തെങ്ങണ വഴി ഏറ്റുമാനൂരിനുണ്ടായിരുന്ന ചെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കിയിട്ട് പുനരാരംഭിച്ചിട്ടില്ല. അഞ്ചു ബസുകള്‍ 20 ട്രിപ്പ് സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ ഒരു ബസ് രണ്ട് ട്രിപ്പ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചങ്ങനാശേരിയില്‍നിന്നു ബംഗളൂരു സര്‍വീസ് ആരംഭിക്കുന്ന കാര്യം ഡിപ്പോ അധികൃതര്‍ ആലോചിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.