ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ ഭരണം പിടിക്കാനുള്ള സിപിഎം അട്ടിമറി നീക്കം യുഡിഎഫ് പ്രതിരോധിച്ചു. കേരളകോണ്‍ഗ്രസ് എം (ജോസഫ് വിഭാഗം) അംഗം സാജൻ ഫ്രാൻസിസ് നഗരസഭാ ചെയർമാനും കോണ്‍ഗ്രസ് അംഗം ഷൈനി ഷാജി വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു.
ഭൂരിപക്ഷമുള്ള നഗരസഭയാണെങ്കിലും എൽഡിഎഫിന്റെ രാഷ്്ട്രീയ അട്ടിമറികൾമൂലം ഏറെ നാടകീയരംഗങ്ങൾക്കൊടുവിലാണ് ഒരുവോട്ടിന്റെ ഭൂരിപക്ഷത്തിന് ഭരണം നിലനിർത്തിയത്. സാജൻ ഫ്രാൻസിസിന് പതിനാറും ഷൈനി ഷാജിക്ക് പതിനെട്ടും വോട്ടുകൾ ലഭിച്ചു.
ചങ്ങനാശേരി എംഎൽഎയും കേരളകോണ്‍ഗ്രസ് എം (ജോസഫ്) വിഭാഗം ഡെപ്യൂട്ടി ചെയർമാനുമായ സി.എഫ്. തോമസ് എംഎൽഎയുടെ സഹോദരനാണ് സാജൻ ഫ്രാൻസിസ്.
എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തി സ്വതന്ത്രാംഗമായി വിജയിച്ച് യുഡിഎഫ് പിൻതുണയോടെ നഗരസഭാ ആരോഗ്യക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുന്ന സജി തോമസിന് പിൻതുണ പ്രഖ്യാപിച്ചാണ് ചെയർമാൻ സ്ഥാനാർഥിയായി മത്സരിപ്പിച്ച് സിപിഎം നഗരഭരണം പിടിക്കാനുള്ള അട്ടിമറി നീക്കം നടത്തിയത്.
മുൻചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ രാജിവച്ചതു മുതൽ സിപിഎം ഈ നീക്കത്തിനായി പരിശ്രമിച്ചിരുന്നു. സിപിഎം അംഗവും പ്രതിപക്ഷ നേതാവുമായ കൃഷ്ണകുമാരി രാജശേഖരനാണ് സജി തോമസിന്റെ പേര് നിർദേശിച്ചത്.
സിപിഎമ്മിലെ 12 അംഗങ്ങൾക്കൊപ്പം കോണ്‍ഗ്രസ് അംഗങ്ങളായ അനില രാജേഷ്കുമാർ, ആതിര പ്രസാദ്, അംബിക വിജയൻ എന്നിവരെക്കൂടെ കൂട്ടുപിടിച്ചാണ് സിപിഎം അട്ടിമറി ശ്രമം നടത്തിയത്. സ്വതന്ത്രാംഗം സതീഷ് ഐക്കരയും കേരളകോണ്‍ഗ്രസ് എം ജോസ് വിഭാഗം അംഗവും മുൻ ചെയർമാനുമായ ലാലിച്ചൻ കുന്നിപ്പറന്പിലും യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്തത് ഗുണകരമായി.
വൈസ് ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിൽ സതീഷ് ഐക്കര വിട്ടുനിന്നെങ്കിലും കോണ്‍ഗ്രസ് അംഗങ്ങളായ അനില രാജേഷ്കുമാറും ആതിര പ്രസാദും അംബികാ വിജയനും ഷൈനി ഷാജിക്ക് വോട്ടുചെയ്തു.
എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ കുഞ്ഞുമോൾ സാബുവിന് 13 വോട്ടുകളും ബിജെപി സ്ഥാനാർഥി പ്രസന്നകുമാരിക്ക് നാല് വോട്ടുകളും ലഭിച്ചു. എൽഡിഎഫ് ചെയർമാൻ സ്ഥാനാർഥി സജി തോമസ് കുഞ്ഞുമോൾ സാബുവിനും വോട്ടു ചെയ്തു.