ചങ്ങനാശേരി: കോരിച്ചൊരിഞ്ഞ മഴയാരവത്തിനൊപ്പം കാമ്പസുകളില്‍ ആഹ്ലാദം. എസ്ബി, അസംപ്ഷന്‍ ഓട്ടോണമസ് കോളജുകളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഊഷ്മള വരവേല്പ്. മയില്‍പ്പീലി നല്കി എസ്ബി കോളജില്‍ പെണ്‍കുട്ടികളെ വരവേറ്റപ്പോള്‍ മധുരം നല്‍കിയാണ് അസംപ്ഷനില്‍ ആണ്‍കുട്ടികളെ സ്വീകരിച്ചത്.
ഒരുനൂറ്റാണ്ടിലധികം ബിരുദപഠനത്തിന് ആണ്‍കുട്ടികള്‍ക്കുമാത്രം സ്വന്തമായിരുന്ന എസ്ബി കോളജില്‍ പ്രവേശനം നേടിയ പെണ്‍കുട്ടികളും 74വര്‍ഷമായി വനിതകള്‍ക്കുമാത്രം സ്വന്തമായിരുന്ന അസംപ്ഷന്‍ കോളജില്‍ ആണ്‍കുട്ടികളും എത്തിയത് ഇരുകലാലയങ്ങളുടേയും ചരിത്രത്തിന്റെ പുത്തന്വഴിത്തിരിവായി.
ചങ്ങനാശേരി അതിരൂപതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രശസ്ത കലാലയങ്ങളാണ് എസ്ബി, അസംപ്ഷന്‍ കോളജുകള്‍. എസ്ബിയിലെ ബിരുദ കോഴ്സുകളുടെ പ്രവേശനോത്സവം മാര്‍ കാവുകാട്ടു ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പൂര്വവിദ്യാഥിനി മിനി ആന്റണി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, വൈസ് പ്രിന്‍സിപ്പല്‍മാരായ റവ.ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍, ഡോ. സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അസംപ്ഷന്‍ കോളജിലെ പ്രവേശനോത്സവം ഇന്ഡോര്കോര്ട്ടില് എംജി സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് പാറത്തറ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീനാ ജോബി, ഷിജി വര്‍ഗീസ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. റാണി മരിയ തോമസ്, പ്രഫ. ജിസി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.