തിരുവല്ല : തോട്ടഭാഗം- ചങ്ങനാശേരി പാതയുടെ നവീകരണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി 36 കോടി രൂപ ചെലവഴിച്ചാണ് 12 മീറ്റർ വീതിയിൽ റോഡ് പുനർനിർമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടഭാഗം മുതൽ കവിയൂർ വരെയുള്ള ഭാഗം വീതികൂട്ടുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും അര മീറ്ററോളം സ്വകാര്യ ഭൂമികൾ ഏറ്റെടുത്ത് കെട്ടിയിരുന്ന മതിലുകൾ പൊളിച്ചു നീക്കുന്ന പണികളും നടന്നുവരികയാണ്. ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ മതിലുകൾ സർക്കാർ മാനദണ്ഡം അനുസരിച്ചാണ് പുനർനിർമിക്കുന്നത്. പായിപ്പാട് മുതൽ കണിയാമ്പാറ വരെ ആറു കീലോമീറ്ററോളം ദൂരത്തെ പാതയുടെ വീതിക്കൂട്ടൽ ഏകദേശം പൂർത്തിയായി.
ഇവിടെ സ്ഥമെടുപ്പ് ഉൾപ്പെടെയുളള നടപടികൾ ഒരു മാസം മുമ്പ് തുടങ്ങിയിരുന്നു. ജല അഥോറിറ്റി പൈപ്പുകൾ, ടെലിഫോൺ കേബിളുകൾ തുടങ്ങിയവ ഇടുന്നതിനുളള സൗകര്യം നൽകുന്ന വിധമാണ് പാതയുടെ നിർമാണം. ഇതിലൂടെ റോഡ് വെട്ടിപ്പൊളിക്കാതെ പിന്നീട് ഇവ ഇടുന്നതിനു കഴിയും.
പായിപ്പാട്, തൃക്കൊടിത്താനം, കുന്നന്താനം പഞ്ചായത്തുകളിലും ചങ്ങനാശേരി നഗരസഭയിലും കൂടി കടന്നു പോകുന്ന പാതയാണിത്. തർക്കങ്ങളില്ലാതെ സ്ഥലം വിട്ടു നൽകാൻ വസ്തു ഉടമകൾ തയാറായതാണ് പണികൾ വേഗത്തിലാകുന്നതിന് സഹായകരമായതെന്ന് കിഫ്ബി അധികൃതർ പറഞ്ഞു.