ചങ്ങനാശേരി: ചുരുങ്ങിയ കാലയളവില്‍ നിരവധി കര്‍മപദ്ധതികള്‍ നടപ്പാക്കി ബീനാ ജോബി ചങ്ങനാശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്നു പടിയിറങ്ങി. യുഡിഎഫ് ചേരിവിട്ട് എല്‍ഡിഎഫിലെത്തിയ ബീനാ ജോബി 2023 ഓഗസ്റ്റ് 14നാണ് നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.
ശതാബ്ദി പിന്നിട്ട ചങ്ങനാശേരി നഗരസഭയുടെ 34-മത് ചെയര്‍പേഴ്സണാണ് ബീനാ ജോബി. പഴയ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍ ആധുനികമായി നവീകരിച്ച് ശീതികരണം നടപ്പാക്കി ഉദ്ഘാടനം ചെയ്തശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷമാണ് രാജി സമര്‍പ്പണം.
2023-24 വര്‍ഷം പദ്ധതി വിഹിതം 95 ശതമാനം ചെലവഴിച്ചു.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി മാസാദ്യ ബുധനാഴ്ചകളില്‍ അദാലത്തുകള്‍ക്കു തുടക്കംകുറിച്ചു. നഗരശുചീകരണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ശുചിത്വ മിഷന്റെ ഒഡിഎഫ് പ്ലസ് ഈ വര്‍ഷം നഗരസഭ സ്വന്തമാക്കി. മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വാങ്ങാനായത് അഭിമാനാര്‍ഹ നേട്ടമായി. ഓഫീസില്‍ കെ-സ്മാര്‍ട്ട് നടപ്പാക്കി.
ഹരിതകര്‍മസേനയെ പരിഷ്കരിച്ചു. ശേഖരിക്കുന്ന മാലിന്യം എംസിഎഫില്‍ എത്തിക്കാന്‍ ഇലക്ട്രിക് ഓട്ടോ വാങ്ങി. പിഎംഎവൈ ലൈഫ് പദ്ധതി പ്രകാരം നൂറു വീടുകള്‍ പൂര്‍ത്തിയാക്കി. സ്കൂളുകള്‍, കോളജുകള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളില്‍ സ്നേഹാരാമങ്ങള്‍ ആരംഭിച്ചു.
അമൃത് പദ്ധതി പ്രകാരം കുടിവെള്ള വിതരണം ശക്തീകരിക്കാന്‍ 11 കോടിയുടെ പദ്ധതിക്ക് തുടക്കംകുറിച്ചു. നഗരത്തിലെ വിവിധ കുളങ്ങളുടെ നവീകരണം ആരംഭിച്ചു.
വിവിധ തോടുകളിലെ മാലിന്യം മാറ്റി ഒഴുക്കു തടസം പരിഹരിച്ചു. ഓടകളിലെ ഒഴുക്ക് തടസം കണ്ടുപിടിക്കുന്നതിന് കാമറയുള്ള സംവിധാനം ഏര്‍പ്പെടുത്തി. വിവിധ വാര്‍ഡുകളില്‍ 38 മിനി മാസ്റ്റ് വിളക്കുകള്‍ തെളിച്ചു. വണ്ടിപ്പേട്ടയില്‍ ടോയ്ലറ്റ് തുറക്കാന്‍ നടപടി സ്വീകരിച്ചു തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ചാണ് ബീനയുടെ പടിയിറക്കം.