ചങ്ങനാശേരി: പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്ന് സ്വർണപ്പണിക്കാരനായ യുവാവും ഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിക്കാരനും സ്വർണപ്പണിശാല ഉടമയും നഗരസഭാ കൗൺസിലറുമായ ഇ.എ. സജികുമാറിനെ കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി പ്രകാശൻ പി. പടന്നയിൽ ചോദ്യം ചെയ്തു.
പോലീസ് താൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽവച്ച് മരണപ്പെട്ട സുനിൽകുമാറിനെ ചോദ്യം ചെയ്തിട്ടേയുള്ളൂവെന്നും മർദിച്ചില്ലെന്നുമാണ് സജികുമാർ മൊഴി നൽകിയിരിക്കുന്നത്. ഏതാനും ദിവസം മുന്പ് സജികുമാറിന് ലഭിച്ച ഊമക്കത്താണ് പരാതിക്ക് അടിസ്ഥാനമായത്. സ്വർണം മോഷണം പോകുന്നതായും ഈ സ്വർണം ഉപയോഗിച്ചുള്ള ഉരുപ്പടികൾ മറ്റു സ്വർണക്കടകളിൽ വില്പന നടത്തുന്നതായും കാണിച്ചുള്ള ഊമക്കത്താണ് സജികുമാറിന് ലഭിച്ചത്.
ഇതേത്തുടർന്ന് സജികുമാർ സുനിൽകുമാറിനെയും ഒപ്പം പണി ചെയ്ത രാജേഷിനെയും വിളിച്ച് വിവരം ചോദിച്ചു. ഇതിൽനിന്നു സ്വർണം എടുത്തതായി ഇരുവരും സമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് ചങ്ങനാശേരി പോലീസിൽ 400 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി കാണിച്ച് സജികുമാർ പരാതി നൽകിയത്.
ഊമക്കത്ത് സംബന്ധിച്ച കാര്യങ്ങളാണ് ഇനി പോലീസ് അന്വേഷിക്കുന്നത്. അതേസമയം, സുനിൽകുമാറിനെയും രാജേഷിനെയും പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, വിവിധ ആവശ്യങ്ങൾക്കെത്തിയവർ എന്നിവരെ കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യും.