ചങ്ങനാശേരി: ദമ്പതികൾ ജീവനൊടുക്കിയ സംഭവം അഭിഭാഷകനും എസ്ഐക്കുമെതിരേ തൽക്കാലം കേസെടുക്കില്ലചങ്ങനാശേരി: സ്വർണ മോഷണ കുറ്റാരോപണത്തെതുടർന്ന് ദന്പതികൾ ജീവനൊടുക്കിയ സംഭവം തല്ക്കാലം ആരുടേയും പേരിൽ പോലീസ് കേസെടുക്കില്ല. ചങ്ങനാശേഷി പുഴവാത് ഇല്ലംപള്ളിൽ ഇടവളഞ്ഞിയിൽ സുനിൽ കുമാർ(34), ഭാര്യ രേഷ്മ (24) എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച വാകത്താനം പാണ്ടൻചിറയിലുള്ള വാടക വീട്ടിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ദന്പതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുനിലിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തനാവാത്ത സാഹചര്യത്തിലാണ് മർദന ആരോപണ വിധേയനായ ചങ്ങനാശേരി എസ്ഐ ഷെമീർ ഖാനെതിരേ കേസെടുക്കാനാവില്ലെന്ന് പോലീസ് പറയുന്നത്.തന്റെ സ്വർണപ്പണിശാലയിൽനിന്നും സ്വർണം മോഷണം പോയെന്ന് പരാതി നൽകിയത് ചങ്ങാശേരി നഗരസഭയിലെ സിപിഎം വാർഡ് കൗൺസിലറും അഭിഭാഷകനുമായ ഇ.എ. സജികുമാറാണ്. സജികുമാറാണ് തങ്ങളുടെ മരണത്തിന് കാരണക്കാരെന്ന് ദന്പതികൾ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചിരുന്നു.
പോലീസ് ഇതിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെ പേരിലും അഭിഭാഷകനെതിരേയും എസ്ഐക്കെതിരേയും കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്നാണ് കേസ് അന്വേഷണ ചുമതലയുള്ള കോട്ടയം സിസിആർബി ഡിവൈഎസ്പി പ്രകാശൻ പി. പടന്നയിൽ പറഞ്ഞത്.
സുനിലിനൊപ്പം സ്വർണപണിശാലയിലെ ജീവനക്കാരനായിരുന്ന രാജേഷിനെയും ഇയാളുടെ ഭാര്യയെയും അന്വേഷണസംഘം ചോദ്യം ചെയ്തെങ്കിലും പോലീസ് ഇവരെ മർദിച്ചില്ലെന്ന നിലപാടാണ് ഇവരും ആവർത്തിക്കുന്നത്. ഇതുമൂലമാണ് സംഭവം സംബന്ധിച്ച് കേസെടുക്കുന്നതിന് മതിയായ തെളിവുകൾ പോലീസും വ്യക്തമാക്കുന്നത്. ഇതോടെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് അന്വേഷണം മരവിച്ച അവസ്ഥയിലേക്ക് നീങ്ങുകയാണ്.