ചങ്ങനാശേരി: പെരുന്ന എൻഎസ്എസ് കോളജിൽ വിദ്യാർഥി സംഘട്ടനത്തിനിടയിൽ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സി.ഏലിയാസ് മരിക്കാനിടയായ സംഭവത്തിലെ 17 പ്രതികളെയും ചങ്ങനാശേരി ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതേ വിട്ടു. പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടും കേസ് തീർപ്പാക്കിയും മജിസ്ട്രേറ്റ് ലൈജുമോൾ ഷെറീഫ് ഉത്തരവ് പുറപ്പെടുവിച്ചു.
എബിവിപിക്കാരുടെ ദണ്ഡ് ഉപയോഗിച്ചുള്ള അടിയേറ്റാണ് ഏലിയാസ് മരിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന അന്ത്രയോസ് എന്ന പോലീസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശേരി പോലീസ് കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന എഎസ്ഐ മാത്യുവും അബോധാവസ്ഥയിൽ കുഴഞ്ഞുവീണിരുന്നു. പത്തു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് എല്ലാ പ്രതികളെയും വെറുതേ വിട്ടുകൊണ്ട് കേസ് തീർപ്പാക്കിയത്.
പോലീസ് ആദ്യം ബിജു എന്ന വിജയകുമാർ, മനേഷ്, ജ്യോതിഷ്, വിപിൻ എന്നിവരെ അറസ്റ്റ് ചെയ്യുകയും തുടർന്ന് 13പേരെക്കൂടി അറസ്റ്റ് ചെയ്ത് പ്രതിചേർക്കുകയുമായിരുന്നു.പ്രതികളെ ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ മർദിച്ചതായി പരാതി ഉയർന്നിരുന്നു. കോട്ടയം ഡിവൈഎസ്പി ആയിരുന്ന പി.ബി.വിജയൻ, സിഐ ബിജോയി, എസ്ഐ മനോജ് കബീർ എന്നിവരാണ് ആദ്യം കേസന്വേഷിച്ചത്.
തുടർന്ന് കേസന്വേഷണം അന്നത്തെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും പിന്നീട് കോട്ടയം എസ്പിയായി പ്രവർത്തിക്കുകയും ചെയ്ത എൻ.രാമചന്ദ്രന് കൈമാറി. ഇദ്ദേഹമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഡിവൈഎസ്പി പിബി വിജയൻ, സി ഐ ബിജോയി, എസ് ഐ മനോജ് കബീർ എന്നിവരുൾപ്പെടെ 46 പേരെ കേസിൽ സാക്ഷികളായി വിസ്തരിച്ചു.
സംഭവം നടന്നിട്ട് ഇന്ന് പത്തു വർഷം
2007 ഒക്ടോബർ 26ന് രാവിലെ പത്തിനായിരുന്നു നാടിനെ നടുക്കിയ സംഭവം. എസ്എഫ്ഐ-എബിവിപിസംഘർഷത്തിനിടെ പെരുന്ന എൻഎസ്എസ് കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഏലിയാസ് കൊല്ലപ്പെടുകയായിരുന്നു.
കോളജിന്റെ കവാടത്തിൽ കുഴഞ്ഞുവീണ ഏലിയാസിനെ പോലീസ് ജീപ്പിൽ തൊട്ടടുത്തുള്ള മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കു പിന്നിലേറ്റ അടിയാണ് മരണകാരണമെന്നായിരുന്നു വിശദീകരണം. എന്നാൽ, ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമാർട്ടം റിപ്പോർട്ട്.