സിപിഎം നേതാവിന്റെ പരാതിയില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി ദമ്പതികളുടെ വീട്ടുകാര്‍. വാകത്താനം പാണ്ടന്‍ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന സ്വര്‍ണപണിക്കാരനായ പുഴവാത് സ്വദേശി സുനില്‍(34) , ഭാര്യ രേഷ്മ (24) എന്നിവരാണ് ജീവനൊടുക്കിയത്.
സുനില്‍ പരാതിക്കാരനായ സജികുമാറിന്റെ ആഭരണനിര്‍മാണശാലയില്‍നിന്ന് പലപ്പോഴായി 44 വള എടുത്തു എന്നതായിരുന്നു പരാതി. ഇക്കാര്യം ഇയാള്‍ സമ്മതിച്ചിരുന്നുവെന്ന് എസ്.ഐ: ഷമീര്‍ ഖാന്‍ പറഞ്ഞു. സുനിലിന്റെ സഹപ്രവര്‍ത്തകനും കൂടിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്ത വിട്ടയച്ചശേഷമാണ് സുനില്‍ ഭാര്യ രേഷ്മയ്ക്കൊപ്പം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
33 പവന്‍ സ്വര്‍ണത്തിന്റെ വിലയായ എട്ടു ലക്ഷം രൂപ ഇന്നു നല്‍കാമെന്ന് എഴുതി ഒപ്പിട്ടുനല്‍കിയിരുന്നതാണ്. പല ഘട്ടങ്ങളിലായി ചോദ്യംചെയ്തപ്പോള്‍ ഇരുവരും മോഷണം സമ്മതിച്ചു. വാദിയുടെ സാന്നിധ്യത്തിലാണ് പണം നല്‍കാമെന്ന് ഇരുവരും എഴുതിനല്‍കിയത്. വീട്ടില്‍ പോകാന്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ താന്‍ 100 രൂപ സുനിലിനു നല്‍കിയിരുന്നുവെന്നും ഷമീര്‍ ഖാന്‍ പറഞ്ഞു.
ചോദ്യംചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും സ്റ്റേഷന്‍ ക്യാമറയില്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി എസ്.ഐ. ആയിരുന്ന ഷമീര്‍ ഖാനെ സംഭവത്തില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റി. ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. പ്രകാശന്‍ പി. പടന്നയിലിനായിരിക്കും സംഭവത്തിന്റെ അന്വേഷണച്ചുമതല.
സി.പി.എം. നഗരസഭാ കൗണ്‍സിലറായ സജികുമാറിന്റെ ആഭരണനിര്‍മാണശാലയില്‍ 12 വര്‍ഷമായി ജോലി ചെയ്യുന്ന ആളാണു സുനില്‍. പണിതുനല്‍കുന്ന സ്വര്‍ണത്തില്‍ കുറവുള്ളതായി സജി കഴിഞ്ഞദിവസം സുനിലിനോടു പറഞ്ഞിരുന്നു. സുനില്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് 400 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടു എന്നുകാട്ടി സജി ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കി. പോലീസ് വിളിപ്പിച്ചതനുസരിച്ച് ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ ദമ്പതികളെ രാത്രി ഒന്‍പതോടെയാണു വിട്ടയച്ചത്.
സജികുമാറിന്റെ സാന്നിധ്യത്തിലാണു പോലീസ് ചോദ്യം ചെയ്തതെന്നും സുനിലിനെ മര്‍ദിച്ചവശനാക്കിയെന്നും സുനിലിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ട് നാലിനകം കുറവുണ്ടായ സ്വര്‍ണമോ തത്തുല്യമായ എട്ടു ലക്ഷം രൂപയോ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇന്നലെ ഉച്ചയോടെ സഹോദരന്‍ അനിലിനെ വിളിച്ചു താന്‍ സ്റ്റേഷനിലേക്കു പോകില്ലെന്നു പറഞ്ഞശേഷം സുനിലിന്റെ ഫോണ്‍ ഓഫായിരുന്നു. അനില്‍ അന്വേഷിച്ചെത്തിയപ്പോളാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു വാകത്താനം പോലീസെത്തി ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു.