കടുത്തുരുത്തി: സര്‍ക്കാര്‍ നിരോധിച്ച നോട്ടുകള്‍ ബിവറേജില്‍ വാങ്ങാന്‍ തയാറാകാതെ വന്നതോടെ മദ്യം വാങ്ങാനാവാതെ കുഴങ്ങിയ കുടിയന്മാരെ സഹായിക്കാന്‍ ചില്ലറയുമായി ഒരു കൂട്ടം ആളുകള്‍ എത്തിയത് കൗതുക കാഴ്ചയായി. കടുത്തുരുത്തിയിലെ ബിവറേജ് ഷോപ്പിന് മുന്നില്‍ ഇന്നലെ വൈകൂന്നേരത്തോടെയായിരുന്നു പണമിടപാട് നടന്നത്.
കമ്മീഷന് വ്യവസ്ഥയിലായിരുന്നു ഇവരുടെ പണമിടപാട്. ആയിരം രൂപയുടെ നോട്ട് നല്‍കുന്നവര്‍ക്ക് ചില്ലറയായി 900 രൂപയും 500 നല്‍കുന്നവര്‍ക്ക് 450 രൂപയുമാണ് ചില്ലറ ഇടപാടിന് എത്തിയവര്‍ നല്‍കിയത്. മദ്യം വാങ്ങാന്‍ മറ്റു വഴിയില്ലാത്തതിനാല്‍ പലരും ഇത്തരക്കാരെ ആശ്രയിക്കുന്നതും കാണാമായിരുന്നു. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഇക്കൂട്ടര്‍ വലിയൊരു തുകയാണ് കൈക്കലാക്കിയത്. ആദ്യമൊക്കെ മാറിനിന്നവരും പിന്നീട് ഇവരുടെ സഹായം തേടുന്ന കാഴ്ചയായിരുന്നു ഇവിടെ.