ഈരാറ്റുപേട്ടക്കാരുടെ ചങ്കായ ആർഎസ്സി 140 കെഎസ്ആർടിസി വേണാട് ബസ് താരപദവിയോടെ ഡിപ്പോയിലേക്കു തിരിച്ചെത്തിയെങ്കിലും ആലുവ ഡിപ്പോയിലേക്കു ഫോണ് വിളിച്ച കോളജ് വിദ്യാർഥിനിയെ അന്വേഷിക്കുകയാണ് എല്ലാവരും. ബസ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലും എല്ലാവരും പരസ്പരം ചോദിക്കുന്നതു ഫോണ് വിളിച്ചതാര് എന്നാണ്. ബസ് തിരിച്ചു കിട്ടിയിട്ടും ഒളിച്ചിരിക്കുന്ന വിദ്യാർഥിനിയെ തെരയുകയാണ് പലരും.
അതേസമയം, അതു പെൺകുട്ടിയല്ലെന്നുള്ള സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്. ശബ്ദം പെൺകുട്ടിയുടേതാണെങ്കിലും സംസാര ശൈലിയും ഭാഷയുമൊക്കെ ന്യൂജെൻ പയ്യൻസിന്റേതാകാനാണു സാധ്യത. മാത്രവുമല്ല, കെഎസ്ആർടിസി ഉദ്യോഗസ്ഥനെ ഫോണിൽവിളിച്ച് ഇത്ര ധീരമായി കാര്യം പറഞ്ഞ വിദ്യാർഥിനിക്ക് ബസ് തിരിച്ചുകിട്ടിയപ്പോൾ നാണിച്ച് മാറി നിൽ ക്കേണ്ട കാര്യവുമില്ല.
ഇതുവരെ പെൺകുട്ടി പരസ്യമായി രംഗത്തെത്തിയിട്ടില്ല. ശബ്ദം മാറ്റി കേൾപ്പിക്കാനാകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷനാകാനാണ് സാധ്യത. പെൺകുട്ടി രംഗത്തെത്താത്തത് ഈ സംശയത്തെ ബലപ്പെടുത്തുന്നു. പെണ്കുട്ടിയുടെ മൂന്നു മിനിറ്റ് 56 സെക്കന്റുള്ള വോയ്സ് ക്ലിപ്പും കണ്ടക്ടറുടെ ഫേസ് ബുക്ക് കുറിപ്പും പരിഗണിച്ചാണു കെഎസ്ആർടിസി എംഡിയായി ചുമതലയേറ്റ ടോമിൻ ജെ. തച്ചങ്കരി ബസ് ഈരാറ്റുപേട്ട ഡിപ്പോയ്ക്കു തിരിച്ചുനൽകാൻ നിർദേശിച്ചത്. ആലുവയിൽ നിന്നും കണ്ണൂരിലേക്കു മാറ്റിയ ബസ് ബുധനാഴ്ച പുലർച്ചെ തന്നെ ഈരാറ്റുപേട്ട ഡിപ്പോയിൽ എത്തിക്കുകയും പതിവ് റൂട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു.
ഈരാറ്റുപേട്ട-കൈപ്പള്ളി, കൈപ്പള്ളി-കോട്ടയം, കോട്ടയം-കട്ടപ്പന റൂട്ടിലായിരുന്നു ആർഎസ്്സി 140 ബസിന്റെ യാത്ര. ബസ് ആലുവയ്ക്കു കൈമാറാനുള്ള നിർദേശത്തെ തുടർന്നുള്ള അവസാന ട്രിപ്പിന് ശേഷമാണ് രണ്ടരവർഷത്തോളം ബസിലെ കണ്ടക്ടറായിരുന്ന കെ.എ. സമീർ വികാരപരമായ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പതിവ് യാത്രക്കാരെയും സുഹൃത്തുക്കളെയും സമ്മാനിച്ച ബസിനെ ദസ്തയേവിസ്കിയുടെ ‘അന്ന’ യോടാണ് സമീർ ഉപമിച്ചിരുന്നത്.
ഈ ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെയാണു ബസിലെ സ്ഥിരം യാത്രക്കാരിയെന്നു പരിചയപ്പെടുത്തി ആലുവ ഡിപ്പോയിൽ ഫോണ് വിളിച്ചു ബസ് കൊണ്ടുപോയതിനെതിരെ പരിഭവം അറിയിച്ചത്. ഈ വോയിസ് ക്ലിപ്പാണു കെഎസ്ആർടിസിയുടെ വലിയ ആരാധിക എന്ന പേരിൽ കേരളം മുഴുവൻ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്.
വരും ദിവസങ്ങളിൽ ഫോണ് വിളിച്ച പെണ്കുട്ടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണു ഈരാറ്റുപേട്ടയിലും സമീപ്രദേശങ്ങളിലുമുള്ളവർ.അതേസമയം ആർഎസ് സി140 ബസിനു ‘ചങ്ക് ’എന്നു തന്നെ പേര് നല്കാനും എംഡി ടോമിൻ ജെ. തച്ചങ്കരി നിർദേശം നല്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ ഒരു ബസിനു മാത്രം പ്രത്യേക പേര് നല്കുന്നതും അപൂർവ സംഭവമാണ്.